മോഡിയ്ക്ക് എസ്.പി.ജി സുരക്ഷ നല്‍കില്ല: ഷിന്‍ഡെ
India
മോഡിയ്ക്ക് എസ്.പി.ജി സുരക്ഷ നല്‍കില്ല: ഷിന്‍ഡെ
ന്യൂസ് ഡെസ്‌ക്
Monday, 11th November 2013, 5:37 pm

[]ന്യൂദല്‍ഹി: എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയ്ക്ക് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള സുരക്ഷ നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.

എന്നാല്‍ അദ്ദേഹത്തിന് നേരെയുള്ള ഭീഷണികള്‍ കണക്കിലെടുത്ത് സുരക്ഷയ്ക്കായി നല്‍കിയിട്ടുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള ഭീഷണികള്‍ കണക്കിലെടുത്ത് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്‌സണിന്റെയും ഗുജറാത്ത് പൊലീസിന്റെയും പ്രത്യേകവിഭാഗങ്ങള്‍ രാജ്യത്താകെയുള്ള മോഡിയുടെ നീക്കങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

“എസ്.പി.ജി സുരക്ഷയെ കുറിച്ച് വ്യക്തമായ നിയമം നിലവിലുള്ളതിനാല്‍ മോഡിയ്ക്ക് അത്തരം സുരക്ഷ നല്‍കാനാവില്ല. എന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ എന്‍.എസ്.ജി കമാന്‍ഡോകളെ വിട്ടു നല്‍കും.” ഷിന്‍ഡെ അറിയിച്ചു.

ഇസഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷയാണ് മോഡിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്‍.എസ്.ജിയിലെ പന്ത്രണ്ട് കമാന്‍ഡോകളാണ് ഓരോ നിമിഷവും അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നത്.

കഴിഞ്ഞ മാസം 27-ന് മോഡിയുടെ റാലി സ്ഥലത്തിനടുത്ത് നടന്ന സ്‌ഫോടനങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസി.പി.ജി സുരക്ഷയുള്ളത്.