പാട്ടുമില്ല, ഡാന്‍സുമില്ല; ചിരഞ്ജീവി ജയിലര്‍ നിരസിക്കാന്‍ കാരണം
Film News
പാട്ടുമില്ല, ഡാന്‍സുമില്ല; ചിരഞ്ജീവി ജയിലര്‍ നിരസിക്കാന്‍ കാരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th September 2023, 12:19 pm

ജയിലറില്‍ നായകനാക്കാനായി സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ ആദ്യം സമീപിച്ചിരുന്നത് ചിരഞ്ജീവിയെ. വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്ത ബീസ്റ്റിന്റെ റിലീസിന് മുമ്പായിരുന്നു പുതിയ ചിത്രത്തിനായി നെല്‍സണ്‍ ചിരഞ്ജീവിയെ സന്ദര്‍ശിച്ചത് എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ബീസ്റ്റിന്റെ പ്രേക്ഷക പ്രതികരണം മോശമായതോടെ ചിരഞ്ജീവി നെല്‍സണോട് നോ പറയുകയായിരുന്നു. ചിത്രത്തില്‍ നായകന് പാട്ടും ഡാന്‍സും ഇല്ലാത്തതും ചിരഞ്ജീവിയുടെ തീരുമാനത്തെ സ്വാധീനിച്ചു.

ജയിലറിനൊപ്പം തന്നെയായിരുന്നു ചിരഞ്ജീവിയുടെ ഭോല ശങ്കര്‍ തിയേറ്ററുകളിലെത്തിയത്. ജയിലര്‍ രജിനിയുടെ കരിയര്‍ ബെസ്റ്റ് തിയേറ്റര്‍ കളക്ഷന്‍ നേടിയപ്പോള്‍ ഭോല ശങ്കര്‍ ദയനീയമായി പരാജയപ്പെട്ടു. 650 കോടി കളക്ട് ചെയ്ത ജയിലര്‍ പൊന്നിയിന്‍ സെല്‍വന് ശേഷം തമിഴ്‌നാട്ടിലെ വലിയ വിജയങ്ങളിലൊന്നായി മാറി.

കലാനിധി മാരന്‍ നിര്‍മിച്ച ജയിലറില്‍ വിനായകന്‍, രമ്യ കൃഷ്ണന്‍, ജാക്കി ഷ്റോഫ്, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, തമന്ന, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അനിരുദ്ധ രവിചന്ദര്‍ സംഗീതം നല്‍കിയ പാട്ടുകളും ശ്രദ്ധ നേടിയിരുന്നു.

അജിത്തിന്റെ വേതാളം എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭോലാ ശങ്കറില്‍ തമന്ന, കീര്‍ത്തി സുരേഷ് എന്നിവരാണ് നായികമാരായത്. ചിരഞ്ജീവിയുടെ നായികയായി തമന്ന എത്തിയപ്പോള്‍ സഹോദരിയുടെ വേഷമാണ് കീര്‍ത്തി ചെയ്തത്.

Content Highlight: No song, no dance; Reason for refusal of Chiranjeevi for Jailer