ഐ.പി.എല്‍ 2026ല്‍ നിന്ന് പ്ലേഓഫ് കാണാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തായത്. ഇപ്പോള്‍ ചെന്നൈയുടെ ക്യാപ്റ്റന്‍സി മാറണമെന്ന് ആവിശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രീനാഥ്. ചെന്നൈ ഋതുരാജ് ഗെയ്ക്വാദിനെ നായകനാക്കേണ്ട ആവശ്യമില്ലായിരുന്നെന്നും സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കണമായിരുന്നുവെന്നും ബദ്രീനാഥ് പറഞ്ഞു. ക്യാപ്റ്റന്‍സിയുടെ ഭാരം ഒഴിഞ്ഞാല്‍ ഋതുരാജ് ബാറ്റിങ്ങില്‍ തിളങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
ക്യാപ്റ്റന്‍സിയുടെ ഭാരം കാരണമാണ് ഋതുരാജിന് തിളങ്ങാന്‍ സാധിക്കാത്തത്. ബാറ്റിങ്ങില്‍ അവന്‍ തിളങ്ങും. ഇതൊരു കടുത്ത തീരുമാനമായിട്ടൊന്നും ആര്‍ക്കും തോന്നേണ്ട ആവശ്യമില്ല. ഋതുരാജിനും ചെന്നൈയ്ക്കും അതാണ് ഏറ്റവും നല്ലത്. ക്യാപ്റ്റന്‍സി വിട്ടുനല്‍കുന്നത് നല്ല തീരുമാനമായിരിക്കും, കാരണ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും ഒരു സമയത്ത് ക്യാപ്റ്റന്‍സി കാരണം ബുദ്ധിമുട്ടിയിരുന്നു. ബദ്രീനാഥ് തന്റെ യൂട്യൂബ് വിഡിയോയില്‍ പറഞ്ഞു.
സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് ഓപ്പണറായി കളിച്ച് 337 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. 74* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരം നേടി. 28.08 എന്ന ആവറേജും 123.44 എന്ന സ്‌ട്രൈക്ക് റേറ്റുമായിരുന്നു ഗെയ്ക്വാദിനുണ്ടായിരുന്നത്. വെറും രണ്ട് അര്‍ധ സെഞ്ച്വറി മാത്രമായിരുന്നു ചെന്നൈ നായകന്‍ നേടിയത്.
അതേസമയം 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി.
സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറി നേടിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: No Rithuraj, Sanju Samson should be Chennai captain: S. Badrinath