ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി വേണം; ഭരണഘടന ഭേദഗതി ചെയ്യും വരെ വിശ്രമിക്കില്ല: സ്റ്റാലിന്‍
India
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി വേണം; ഭരണഘടന ഭേദഗതി ചെയ്യും വരെ വിശ്രമിക്കില്ല: സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st November 2025, 4:14 pm

ചെന്നൈ: നിയമസഭകളില്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിക്കുന്നതുവരെ വിശ്രമമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.

ഇതിനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 ഭേദഗതി ചെയ്യണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു.

ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോവുകയാണെങ്കില്‍ അതിനെ നിയമപരമായി ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്കും യഥാര്‍ത്ഥ ഫെഡറലിസത്തിനും വേണ്ടിയുള്ള ഡി.എം.കെയുടെ പോരാട്ടങ്ങള്‍ തുടരും.

ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ പോക്കറ്റ് വീറ്റോ സിദ്ധാന്തവും ബില്ലുകള്‍ രാജ്ഭവനില്‍ കുഴിച്ചുമൂടാന്‍ അധികാരമുണ്ടെന്ന വാദവും സുപ്രീം കോടതി തള്ളിക്കളഞ്ഞെന്നും സ്റ്റാലിന്‍ വ്യാഖ്യാനിച്ചു.

രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുമായി വിയോജിപ്പുള്ള തമിഴ്‌നാട് ഗവര്‍ണറെ പോലുള്ള ഗവര്‍ണര്‍മാരുടെ നിഷ്‌ക്രിയത്വത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നതുവരെ വിശ്രമമില്ല.

2025 ഏപ്രില്‍ 8ലെ തമിഴ്നാട് സംസ്ഥാനം v/s തമിഴ്‌നാട് ഗവര്‍ണര്‍ എന്ന കേസിലെ സുപ്രീം കോടതി വിധിന്യായത്തിലെ പരാമര്‍ശം ഒരു തരത്തിലും സ്വാധീനം ചെലുത്തില്ല,’ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതായിരുന്നു ഏപ്രില്‍ എട്ടിലെ വിധി.

ഒരു ഭരണഘടനാ ഉദ്യോഗസ്ഥനും ഭരണഘടനയ്ക്ക് മുകളിലാണെന്ന് അവകാശപ്പെടാനാകില്ല.

ഉയര്‍ന്ന ഭരണഘടനാ അധികാരകേന്ദ്രങ്ങള്‍ പോലും ഭരണഘടന ലംഘിക്കുമ്പോള്‍ കോടതികള്‍ മാത്രമാണ് ഏക പ്രതിവിധിയെന്നും ആ വാതിലുകള്‍ അടയ്ക്കരുതെന്നും പത്രക്കുറിപ്പിലൂടെ സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട് ജനയതുടെ താത്പര്യം നിയമനിര്‍മാണത്തിലൂടെ പൂര്‍ത്തീകരിക്കും വരെ ഈ രാജ്യത്ത് എല്ലാ ഭരണഘടനാ സംവിധാനങ്ങളും ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Content Highlight: No rest until amending the Constitution to fix timelines for Governors to clear Bills: MK Stalin