ലൈസൻസില്ലാത്ത മൈക്രോഫിനാന്‍സുകള്‍ക്ക് പൂട്ട്; കടമെടുത്ത ലോണുകള്‍ തിരിച്ചടക്കേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍
national news
ലൈസൻസില്ലാത്ത മൈക്രോഫിനാന്‍സുകള്‍ക്ക് പൂട്ട്; കടമെടുത്ത ലോണുകള്‍ തിരിച്ചടക്കേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd February 2025, 6:55 pm

ബെംഗളൂരു: രജിസ്റ്റര്‍ ചെയ്യാത്തതും ലൈസന്‍സില്ലാത്തതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നെടുത്ത ലോണുകള്‍ തിരിച്ചടക്കേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. ലൈസന്‍സില്ലാത്ത മൈക്രോ ഫിനാന്‍സുകളില്‍ നിന്ന് പണം കടമെടുത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് തടയുന്നതിനായാണ് തീരുമാനം.

ഉത്തരവ് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണാടക സര്‍ക്കാര്‍ മൈക്രോ ഫിനാന്‍സ് ഓര്‍ഡിനന്‍സ് കരട് പുറപ്പെടുവിക്കും.

നിയമം പ്രാബല്യത്തില്‍ വന്ന് 30 ദിവസത്തിനുള്ളില്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കേണ്ടവര്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

രജിസ്റ്റര്‍ ചെയ്യാത്ത മൈക്രോഫിനാന്‍സുകളില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട കേസുകള്‍ ഇനിമുതല്‍ സിവില്‍ കോടതികള്‍ പരിഗണിക്കില്ലെന്നും തീരുമാനമുണ്ട്. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തവരുടെ പലിശ അടക്കമുള്ള മുഴുവന്‍ വായ്പകളും പൂര്‍ണമായും എഴുതിത്തള്ളുകയും ചെയ്യും.

അതേസമയം സംസ്ഥാനങ്ങളില്‍ നിന്നോ ഔദ്യോഗിക ബാങ്കുകളില്‍ നിന്നോ സഹായം ലഭിക്കുകയാണെങ്കില്‍ 30 ശതമാനം വരെ അമിത പലിശക്ക് ആളുകള്‍ വായ്പയെടുക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ കൂടുതലായി മൈക്രോഫിനാന്‍സുകളെ ആശ്രയിക്കുണ്ടെങ്കില്‍ അത് സിസ്റ്റത്തിന്റെ പരാജയമാണെന്നും വിദഗ്ധര്‍ പറയുന്നു.

മൈക്രോഫിനാന്‍സുകളുടെ വായ്പാ കുടിശിക അടിസ്ഥാനമാക്കിയുള്ള പോര്‍ട്ട്ഫോളിയോയില്‍ കര്‍ണാടകയാണ് നാലാം സ്ഥാനത്ത്. ബീഹാര്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, വായ്പയെടുത്ത ഭൂരിഭാഗം ആളുകളും വായ്പ തുകയുടെ 80 ശതമാനം ഉത്പാദന ആവശ്യങ്ങള്‍ക്കും 20 ശതമാനം ഉപഭോഗത്തിനുമാണ് ഉപയോഗിക്കുന്നത്.

നിലവില്‍ മൈക്രോഫിനാന്‍സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഓര്‍ഡിനന്‍സിന്റെ പകര്‍പ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചയുടന്‍ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: No repayment of loans taken from unregistered institutions: Karnataka Govt