ഒരു മതവും ഭീകരവാദത്തെ അംഗീകരിക്കുന്നില്ല: പാളയം ഇമാം
Kerala News
ഒരു മതവും ഭീകരവാദത്തെ അംഗീകരിക്കുന്നില്ല: പാളയം ഇമാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th June 2025, 11:32 am

തിരുവനന്തപുരം: ഒരു മതവും ആത്മീയതയും ഭീകരവാദത്തെ അംഗീകരിക്കുന്നില്ലെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. പഹല്‍ഗാം ആക്രമണത്തെ മുന്‍നിര്‍ത്തി ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഹല്‍ഗാം ആക്രമണം മറക്കാന്‍ കഴിയില്ലെന്നും മനുഷ്യമനസാക്ഷിയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള ഭീകരാക്രമണങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യനെ വധിച്ചാല്‍ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും വധിച്ചത് പോലെയുള്ള ക്രൂരതയാണെന്നും അദ്ദേഹം ഈദ് ഗാഹില്‍ സംസാരിച്ചു. രാജ്യത്തിന്റെ സൈന്യം നല്‍കിയ തിരിച്ചടി മാതൃകാപരമാണെന്നും സൈന്യത്തിന് ആദരം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ഭേദഗതിയിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. നിര്‍ണായക നിരീക്ഷണങ്ങള്‍ ഉണ്ടായെന്നും അന്തിമ വിധി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനിനെ കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ഫലസ്തീനെ തുടച്ചുനീക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്നും കുട്ടികളെയും സ്ത്രീകളെയും പട്ടിണിക്കിട്ട് ഇസ്രഈല്‍ ക്രൂരത കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: No religion accepts terrorism: Palayam Imam