സംസ്ഥാനത്ത് ഇന്ന് റെഡ് അലര്‍ട്ടില്ല; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇരട്ടയാര്‍, കല്ലാര്‍ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചു
Heavy Rain
സംസ്ഥാനത്ത് ഇന്ന് റെഡ് അലര്‍ട്ടില്ല; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇരട്ടയാര്‍, കല്ലാര്‍ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th August 2019, 8:20 am

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇന്ന് ഒരിടത്തുമില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുമെന്ന് പ്രവചനമുള്ള ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളും. അതിന്റെ പ്രഭാവത്തില്‍ ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ശക്തിയും ദിശയും ഇന്ന് വ്യക്തമാവും.

തെക്കന്‍ കേരളത്തിലാകും ഇതിന്റെ പ്രഭാവം കൂടുകയെന്നാണ് നിലവിലെ വിലയിരുത്തല്‍. മഴയില്‍ താറുമാറായ റെയില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാനായിട്ടുണ്ട്.

പാലക്കാട്-ഷൊര്‍ണൂര്‍ പാത പുനസ്ഥാപിച്ചതോടെ തിരുവനന്തപുരം വരെ ട്രെയിനുകള്‍ ഓടിത്തുടങ്ങി. ചാലിയാറിലെ ജലനിരപ്പ് താഴ്‌ന്നെങ്കിലും കോഴിക്കോട്-ഷൊര്‍ണൂര്‍ പാത സഞ്ചാരയോഗ്യമായിട്ടില്ല.

ഫറോക് പാലത്തില്‍ മരത്തടികള്‍ കുടുങ്ങിയത് നീക്കം ചെയ്യണം. ഇന്ന് പത്തരയോടെ പരിശോധന പൂര്‍ത്തിയാക്കി പാലം സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇതുവഴി ട്രെയിന്‍ കടത്തിവിടൂ.

ഇരട്ടയാര്‍, കല്ലാര്‍ എന്നീ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറിന്റെ ഉയരം 50 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കുറഞ്ഞിട്ടുണ്ട്. മറ്റു റിസര്‍വോയറിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും റിസര്‍വോയറില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും ഇപ്പോള്‍ സ്ഥിര ഗതിയിലാണ്.

മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. കവളപ്പാറയില്‍ ഇനി 50 പേരെയാണ് കണ്ടെത്താനുള്ളത്. പുത്തുമലയില്‍ ഏഴുപേരെയും. രണ്ടിടത്തും മഴ കുറഞ്ഞത് തിരച്ചിലിന് സഹായമാകും. സംസ്ഥാനത്ത് ഇതുവരെ 77 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. 1500 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷം പേരാണുള്ളത്.

പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ട്. ആലപ്പുഴചങ്ങനാശേരി പാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. അട്ടപ്പാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു.