കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആര്‍ പ്രക്രിയകളെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.
പുതുതായി അധികാരമേറ്റ ബി.ജെ.പി സര്‍ക്കാരിന്റെ ആദ്യ മന്ത്രി സഭാ യോഗത്തിന് പിന്നാലെയായിരുന്നു തീരുമാനം. ഇത്തരത്തില്‍ പുറത്തായവര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ പോലും ലഭിക്കില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു.
കൂടാതെ സാമുഹിക സുരക്ഷാ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കില്ല. അനധികൃത കുടിയേറ്റക്കാര്‍ക്കും, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ക്കും സംസ്ഥാനത്തെ പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം ലഭിക്കുന്നുണ്ടെങ്കില്‍ അതനുവദിക്കില്ലെന്നും ഈ രാജ്യത്തെ പൗരന്മാരാല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ വാങ്ങാന്‍ അര്‍ഹതയില്ലെന്നും മന്ത്രി അഗ്നി മിത്ര പോളും പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടോയെന്ന് ജൂണ്‍ ഒന്നിനകം പരിശോധിക്കുമെന്നും അങ്ങനെയുള്ളവരെ പദ്ധതിയില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ പറഞ്ഞു.
ബീഹാര്‍ സര്‍ക്കാരും ഇത്തരത്തിലൊരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കും അടക്കം മരവിപ്പിക്കുമെന്നാണ് റിപ്പോട്ടുകള്‍. ഈ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്.
Content Highlight: No ration for those not on SIR list; all government benefits will be denied: Bengal government
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.