'ഇതിനെയാണ് കൊല്ലാനുള്ള ലൈസന്‍സ് എന്ന് പറയുന്നത്'; മാനസിക വെല്ലുവിളി നേരിട്ട ഫലസ്തീന്‍ യുവാവിനെ കൊന്ന ഇസ്രഈല്‍ പൗരനെ വെറുതെവിട്ടു
World News
'ഇതിനെയാണ് കൊല്ലാനുള്ള ലൈസന്‍സ് എന്ന് പറയുന്നത്'; മാനസിക വെല്ലുവിളി നേരിട്ട ഫലസ്തീന്‍ യുവാവിനെ കൊന്ന ഇസ്രഈല്‍ പൗരനെ വെറുതെവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st December 2021, 10:14 am

ടെല്‍ അവീവ്: മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊന്ന ഇസ്രഈല്‍ പൗരനെ വെറുതെവിട്ട് ഇസ്രഈല്‍ പബ്ലിക് പ്രോസിക്യൂഷന്‍.

ഇസ്രഈലില്‍ കഴിഞ്ഞിരുന്ന ഫലസ്തീന്‍ പൗരനായ മുസ്തഫ യൂനിസ് എന്ന 26കാരനെയാണ് ഇസ്രഈലിലെ സുരക്ഷാ ജീവനക്കാരന്‍ വെടിവെച്ച് കൊന്നത്. എന്നാല്‍ ഇസ്രഈല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കേസിന്മേലുള്ള അന്വേഷണം ക്ലോസ് ചെയ്യുകയായിരുന്നു.

2020 മേയിലായിരുന്നു സംഭവം. ഫലസ്തീനിലെ അരയില്‍ നിന്നുള്ളയാളായിരുന്നു യൂനിസ്. ഇദ്ദേഹത്തിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ സുരക്ഷാജീവനക്കാരന്‍ ‘നടപടിക്രമങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിച്ചത്’ എന്നായിരുന്നു ഇസ്രഈല്‍ പബ്ലിക് പ്രോസിക്യൂഷന്റെ നിരീക്ഷണം.

ഇസ്രഈലിലെ ഏറ്റവും വലിയ ആശുപത്രിയായ ഷെബ മെഡിക്കല്‍ സെന്ററിന്റെ കവാടത്തില്‍ വെച്ചായിരുന്നു ഗാര്‍ഡ് യൂനിസിനെ വെടിവെച്ചത്. മറ്റൊരു സുരക്ഷാജീവനക്കാരനെ ആക്രമിക്കാന്‍ യൂനിസ് ശ്രമിച്ചു എന്നാരോപിച്ചായിരുന്നു വെടിവെച്ചത്.

പ്രോസിക്യൂഷന്‍ വിധിക്കെതിരെ യൂനിസിന്റെ കുടുംബം അപ്പീല്‍ പോയിട്ടുണ്ട്. പ്രോസിക്യൂഷന്‍ തീരുമാനം ‘ഫലസ്തീനുകാരെ കൊല്ലുന്നതിനുള്ള ലൈസന്‍സ് കൊടുക്കലാണ്’ എന്നാണ് കുടുംബം പ്രതികരിച്ചത്.

2020 മേയ് 13 തന്റെ അമ്മയോടൊപ്പം സൈക്കോളൊജിക്കല്‍ തെറാപ്പിക്ക് ആശുപത്രിയിലെത്തിയതായിരുന്നു യൂനിസ്. വെടിയേറ്റ അദ്ദേഹം അമ്മക്കരികില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: No punishment for Israeli who shot mentally ill Palestinian citizen