ഇസ്‌ലാബാദ്: ടി.ആര്‍.എഫിനെ ഭീകര സംഘടയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ഡാര്‍. ടി. ആർ.എഫിനെ ഭീകരസംഘടയിൽ ഉൾപ്പെടുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയയുടെ അറിയിപ്പിന് പിന്നാലെയാണ് പ്രതികരണം.
ടി.ആര്‍.എഫിനെ നിരോധിക്കുന്നത് അമേരിക്കയുടെ പരമാധികാര തീരുമാനമാണെന്ന് വ്യക്തമാണെന്നും തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും ഡാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡാര്‍.
‘ലഷ്‌കര്‍-ഇ-തൊയ്ബയുമായി ടി.ആര്‍.എഫിനെ ബന്ധിപ്പിക്കുന്നത് തെറ്റാണ്. ലഷ്‌കര്‍-ഇ-തൊയ്ബയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ഇല്ലാതാക്കി. സംഘടനയിൽ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു, മുഴുവന്‍ സംഘടനയിൽ ഉൾപ്പെട്ടവരെയും നശിപ്പിച്ചു’ ഡാര്‍ വ്യക്തമാക്കി.
പഹല്‍ഗാം ആക്രമണത്തെ അപലപിച്ച യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിലെ ടി.ആര്‍.എഫിനെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ താൻ സംസാരിച്ചിരുന്നതായി പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ഡാര്‍ നേരത്തെ പറഞ്ഞിരുന്നു. ടി.ആര്‍.എഫിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പാക്കിസ്ഥാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുമെന്ന് ഡാര്‍ അന്ന് അറിയിച്ചിരുന്നു.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഇന്ത്യയിലെ 26 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ 100 ഓളം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.