പ്രീമിയര്‍ ലീഗ് ക്ലബ്ബോ, അവരൊക്കെ തീര്‍ന്നു! ജയിക്കാനാകാതെ ആറില്‍ ആറ് ടീമും; ഇനി പ്രതീക്ഷ രണ്ടാം പാദം
Champions League
പ്രീമിയര്‍ ലീഗ് ക്ലബ്ബോ, അവരൊക്കെ തീര്‍ന്നു! ജയിക്കാനാകാതെ ആറില്‍ ആറ് ടീമും; ഇനി പ്രതീക്ഷ രണ്ടാം പാദം
ആദര്‍ശ് എം.കെ.
Thursday, 12th March 2026, 8:31 am

യുവേഫ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ വിജയിക്കാന്‍ സാധിക്കാതെ ഇംഗ്ലീഷ് ക്ലബ്ബുകള്‍. ആറ് പ്രീമിയര്‍ ലീഗ് ടീമുകള്‍ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ പോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും ആദ്യ പാദ മത്സരത്തില്‍ ഒരാള്‍ക്ക് പോലും വിജയിക്കാന്‍ സാധിച്ചില്ല.

ലിവര്‍പൂളും സിറ്റിയുമടക്കം നാല് ടീമുകള്‍ തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ഗണ്ണേഴ്‌സ് അടക്കമുള്ള രണ്ട് ടീമുകള്‍ സമനിലയിലും കുരുങ്ങി.

ടര്‍ക്കിഷ് സൂപ്പര്‍ ടീം ഗളറ്റാസരേയോട് തോറ്റാണ് ലിവര്‍പൂള്‍ തുടങ്ങിയത്. ഗളറ്റാസരേയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റെഡ്‌സിന്റെ പരാജയം. മാര്‍ച്ച് 19ന് സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ഇരുവരും രണ്ടാം പാദ മത്സരത്തിനായി നേര്‍ക്കുനേര്‍ വരും.

പ്രീമിയര്‍ ലീഗില്‍ നിന്നും റെലഗേഷന്‍ ഭീഷണി നേരിടുന്ന ടോട്ടന്‍ഹാം ഹോട്‌സ്പര്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് രണ്ടിനെതിരെ അഞ്ച് ഗോളിനാണ് പരാജയപ്പെട്ടത്. ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോളിനൊപ്പം മാര്‍കോസ് ലോറന്റെ, ആന്റോയിന്‍ ഗ്രീസ്മാന്‍, റോബിന്‍ ലെ നോര്‍മാന്‍ഡ് എന്നിവര്‍ സ്പാനിഷ് ടീമിനായി വലകുലുക്കിയപ്പോള്‍ പെഡ്രോ പോറോ ഡൊമനിക് സോളാന്‍കെ എന്നിവരാണ് സ്പര്‍സിനായി ഗോളടിച്ചത്.

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലില്‍ ചെല്‍സിയോട് പരാജയപ്പെടേണ്ടി വന്നതിന്റെ നിരാശ തീര്‍ക്കുന്നതായിരുന്നു പി.എസ്.ജിയുടെ പ്രകടനം. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ പെന്‍ഷനേഴ്‌സിനെ സ്വന്തം തട്ടകമായ പാര്‍ക് ഡെസ് പ്രിന്‍സെസില്‍ തോല്‍പ്പിച്ചുവിട്ടത്. 18ന് നടക്കുന്ന രണ്ടാം പാദത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയാല്‍ മാത്രമേ ബ്ലൂസിന് ക്വാര്‍ട്ടര്‍ കളിക്കാന്‍ സാധിക്കൂ.

പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ക്കും ആദ്യ പാദം നിരാശ മാത്രമാണ് സമ്മാനിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു റയല്‍ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍വിയേറ്റുവാങ്ങിയത്.

ഫെഡ്രികോ വാല്‍വെര്‍ദെയുടെ ഹാട്രിക് കരുത്തിലായിരുന്നു റയലിന്റെ വിജയം. 16 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് ടീം ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് വഴങ്ങുന്നത്. 2010ല്‍ ആഴ്‌സണലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയാണ് അവസാനമായി ഒരു ഇംഗ്ലീഷ് ടീമിനെതിരെ യു.സി.എല്ലില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയത്.

മത്സരത്തിന്റെ അവസാന നിമിഷം വരെ വിജയിച്ചാണ് ന്യൂകാസില്‍ യുണൈറ്റഡ് ബാഴ്‌സലോണയോട് സമനില വഴങ്ങിയത്. മത്സരത്തിന്റെ 87ാം മിനിട്ടില്‍ ഹാര്‍വി ബാര്‍ണെസിലൂടെ ലീഡെടുത്തെങ്കിലും ആഡ് ഓണ്‍ ടൈമില്‍ വഴങ്ങിയ പെനാല്‍ട്ടി ഇംഗ്ലീഷ് ടീമിന് തിരിച്ചടിയായി. 19ന് ക്യാമ്പ് നൗവിലാണ് രണ്ടാം പാദ മത്സരം.

ആഴ്‌സണലാണ് ആദ്യ പാദത്തില്‍ സമനിലയില്‍ കുരുങ്ങിയ മറ്റൊരു ഇംഗ്ലീഷ് ടീം. ജര്‍മന്‍ സൂപ്പര്‍ ടീം ബയേര്‍ ലെവര്‍കൂസനാണ് ഓരോ ഗോള്‍ വീതം പിറന്ന മത്സരത്തില്‍ ഗണ്ണേഴ്‌സിനെ സമനിലയില്‍ തളച്ചത്.

Content Highlight: No Premier League club won 1st leg of UCL round of 16

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.