ന്യൂദല്‍ഹി: രാജ്യത്തെ ജനാധിപത്യം മരവിച്ചിരിക്കുകയാണെന്നും അട്ടിമറിയിലൂടെയാണ് പല സംസ്ഥാനങ്ങളും ബി.ജെ.പി കൈയ്യടക്കിയതെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള എം.പിമാരുടെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്ത് നീക്കവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നപ്പോള്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കൊണ്ടുവന്ന തെളിവ് സത്യമായി ഇന്ത്യയുടെ ജനങ്ങളുടെ മുമ്പാകെ നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തലകുനിച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് രാജ്യങ്ങളുടെ മുമ്പില്‍ ജനാധിപത്യത്തെ മരവിപ്പിച്ച് പിന്‍വാതിലിലൂടെ അധികാരത്തില്‍ വന്നവരാണ് അധികാരത്തില്‍ ഇരിക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം നാണം കെട്ട് നില്‍ക്കുകയാണ് ഇന്ത്യയുടെ കാര്യം കേട്ടിട്ടെന്നും അതുകൊണ്ട് ഇത് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചിന്തിക്കാന്‍ കഴിയാത്ത ജനാധിപത്യ അട്ടിമറിയാണ് വോട്ടര്‍പട്ടികയിലൂടെ നടത്തിയതെന്നും ശ്രീകണ്ഠന്‍ പറയുന്നു.
‘ഇലക്രോണിക് വോട്ടിങ് മെഷീനിലൂടെ അട്ടിമറി നടത്തി, ഇപ്പോള്‍ വോട്ടര്‍ പട്ടികയിലൂടെയും നടത്തി ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ വികലമാക്കിക്കൊണ്ട് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ബി.ജെ.പി ഒഴിച്ച് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി ജനാധിപത്യ ഹത്യക്കെതിരായി വലിയൊരു പോരാട്ടത്തിലാണ്.
നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ എല്ലാ തെളിവുകളും ഹാജരാക്കി ഞങ്ങള്‍ പോരാട്ടം തുടരും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജനാധിപത്യത്തെ സംശുദ്ധീകരിക്കാന്‍ വോട്ടവകാശം അട്ടിമറിക്കുന്നതിനെതിരെ നിയമപരമായ പോരാട്ടം തുടരും’ വി.കെ. ശ്രീകണ്ഠന്‍ എം.പി പറഞ്ഞു.
ഇലക്ഷന്‍ കമ്മീഷനെ കാണാന്‍ അനുമതി തന്നതാണെന്നും തങ്ങളവിടെ ചെന്നപ്പോള്‍ എം.പിമാരെ അകത്തേക്ക് കയറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വിരുദ്ധമായി ഇലക്ഷന്‍ കമ്മീഷൻ പ്രവര്‍ത്തിക്കുകയാണെന്നും ബി.ജെ.പിയുടെ വാലാട്ടികളായി അധപതിച്ച ഇലക്ഷന്‍ കമ്മീഷനാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.