മൈസൂര്‍: മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി മാറ്റിയതിലെ വിവാദം അവസാനിക്കുന്നില്ല. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കി ജയ്പൂരിലെ ഒരുവിഭാഗം കച്ചവടക്കാര്‍ മാറ്റിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മൈസൂര്‍ പാക് കണ്ടുപിടിച്ച മൈസൂര്‍ കൊട്ടാരത്തിലെ പാചകകുടുംബത്തിലെ അംഗമായ എസ്. നടരാജ്.
മൈസൂര്‍ രാജാവ് കൃഷ്ണരാജ വാഡിയാര്‍ നാലാമന്റെ ഭരണകാലത്ത് മൈസൂര്‍ പാക്ക് കണ്ടുപിടിച്ച കൊട്ടാരത്തിലെ പാചകക്കാരനായ കാകസുര മാടപ്പയുടെ പിന്‍ഗാമിയായ എസ്. നടരാജ്.
എല്ലാ സ്മാരകങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അതിന്റേതായ പേരുള്ളത് പോലെ പ്രധാനപ്പെട്ടതാണ് മൈസൂര്‍ പാക്കിന്റെ പേരെന്നും അതിനാല്‍ അതില്‍ മാറ്റം വരുത്തുകയോ തെറ്റായി പ്രതിനിധീകരിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്നഡയില്‍ പഞ്ചസാര ലായനി എന്ന വാക്കില്‍ നിന്നാണ് പാക് എന്ന വാക്ക് വരുന്നത്. മൈസൂരില്‍വെച്ച് നിര്‍മിച്ചതിനാലാണ് മൈസൂര്‍ പാക് എന്ന പേര് വന്നത്. ലോകത്ത് എവിടെപ്പോയാലും ഈ പലഹാരം കണ്ടാല്‍ ആളുകള്‍ മൈസൂര്‍ പാക് എന്ന് തന്നെയാണ് പറയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നടരാജ് ഇപ്പോഴും മൈസൂര്‍ പാക് ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. ഗുരു സ്വീറ്റ്‌സ് എന്ന പേരില്‍ നിലവില്‍ മൈസൂരില്‍ കട വരുത്തി വരികയാണ് അദ്ദേഹത്തിന്റെ കുടുംബം. കര്‍ണാടകയിലെ മൈസൂരിന്റെ (ഇപ്പോള്‍ മൈസൂരു) പേരിലുള്ള കണ്ടന്‍സ്ഡ് പാല്‍ ചേര്‍ത്ത മധുരപലഹാരമാണ് മൈസൂര്‍ പാക്.
ഇന്ത്യ-പാക് സംഘര്‍ഷം ഉണ്ടായതിന് ശേഷമുള്ള അസഹിഷ്ണുതയില്‍ ഭയന്നാണ് രാജസ്ഥാനിലെ ജയ്പൂരിലെ കയുടമകള്‍ പേര് മാറ്റാന്‍ തീരുമാനിച്ചത്. പലഹാരത്തിന്റെ പേരില്‍ ‘പാക്’ വരുന്നതാണ് പേര് മാറ്റാന്‍ കാരണമെന്നും തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരില്‍ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്‌തെന്നാണ് കടയുടമകള്‍ പറഞ്ഞത്. പാകിസ്ഥാനിലെ പ്രധാന നഗരമായ കറാച്ചി എന്ന പേരുള്ളതിനാല്‍ ഹൈദരാബാദിലെ കറാച്ചി ബേക്കറി ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.
മൈസൂര്‍ പാകിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതിന് പുറമെ ‘മോത്തി പാക്ക്’ എന്നതിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, ‘ഗോണ്ട് പാക്ക്’ എന്നതിന്റെ പേര് ‘ഗോണ്ട് ശ്രീ’ എന്നും പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.
Content Highlight: No one has the right to change the name of Mysore Pak; Heir of the palace chef who invented Mysore Pak criticizes