ബിലാലിലേക്ക് എന്നെ ആരും വിളിച്ചിട്ടില്ല: ഫഹദ്
Film News
ബിലാലിലേക്ക് എന്നെ ആരും വിളിച്ചിട്ടില്ല: ഫഹദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd January 2023, 12:56 pm

അടുത്ത കാലത്ത് യാതൊരു വിധ അപ്‌ഡേഷനും നല്‍കിയിട്ടില്ലെങ്കിലും മലയാളത്തില്‍ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് ബിലാല്‍. മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ്-ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിങ്ങനെ പല യുവതാരങ്ങളുമുണ്ടാകുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ബിലാലിലേക്ക് തന്നെ ആരും വിളിച്ചിട്ടില്ലെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. തങ്കം സിനിമയുടെ പ്രസ് മീറ്റില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം

ബിലാല്‍ എപ്പോള്‍ ഉണ്ടാകും എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഒരു അമ്പരപ്പോടെ ഫഹദ് കൈ മലര്‍ത്തി കാണിച്ചു. ബിലാല്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് ആരെങ്കിലും സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് തന്നെ ആരും വിളിച്ചിട്ടില്ലെന്നും അതിനെ പറ്റി ഒന്നുമറിയില്ലെന്നും ഫഹദ് പറഞ്ഞു.

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിവിവേചനത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ചും ഫഹദ് സംസാരിച്ചിരുന്നു. ‘ഞാന്‍ ആ കുട്ടികള്‍ക്കൊപ്പമാണ്. എല്ലാവരും വിഷയം ചര്‍ച്ച ചെയ്ത് നടപടികള്‍ ഉണ്ടാകുന്നുണ്ടല്ലോ, ഡയറക്ടര്‍ രാജി വെച്ചു. പ്രശ്‌നങ്ങള്‍ അവസാനിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ പറ്റട്ടെ,’ ഫഹദ് പറഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന തങ്കം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. കൂടാതെ നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായുണ്ട്.

തൃശൂരിലുള്ള മുത്ത്, കണ്ണന്‍ എന്നീ രണ്ട് സ്വര്‍ണ ഏജന്റുമാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഒരു ക്രൈം ഡ്രാമയായി എത്തുന്ന തങ്കം പറയുന്നത്. ജനുവരി 26ന് തങ്കം റിലീസ് ചെയ്യും.

Content Highlight: No one called me to Bilal says Fahadh faasil