അയോധ്യ: സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ നിര്‍മിക്കാനിരിക്കുന്ന മുസ്‌ലിം പള്ളിയുടെ നിര്‍ദ്ദിഷ്ട പ്ലാനിന് അനുമതി നിഷേധിച്ച് അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി (എ.ഡി.എ). ധന്നിപുരില്‍ നിര്‍മിക്കാനിരിക്കുന്ന പള്ളിക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും എന്‍.ഒ.സി ലഭിച്ചില്ലെന്ന് കാണിച്ചാണ് എ.ഡി.എ അനുമതി നിരസിച്ചത്.
ബാബ്‌റി മസ്ജിദ് കേസിലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് മുസ്‌ലിം പള്ളി നിര്‍മിക്കാനായി ഭൂമി വിട്ടുനല്‍കിയത്.
തുടര്‍ന്ന് പള്ളി നിര്‍മിക്കാനായി 2021 ജൂണ്‍ 23നാണ് പള്ളി ട്രസ്റ്റ് അപേക്ഷ നല്‍കിയത്. ഈ അപേക്ഷയാണ് തള്ളിയതെന്ന് വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയില്‍ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ ഓം പ്രകാശ് സിങാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
പൊതുമരാമത്ത് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഏവിയേഷന്‍, ജലസേചനം, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, അഗ്നിസുരക്ഷ വിഭാഗം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്‍.ഒ.സി നിഷേധിച്ചെന്നാണ് എ.ഡി.എയുടെ മറുപടിയില്‍ പറയുന്നത്. സെപ്റ്റംബര്‍ 16നാണ് എ.ഡി.എയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
2019 നവംബര്‍ ഒമ്പതിനാണ് ബാബ്‌റി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി ക്ഷേത്രം നിര്‍മിക്കാനായി വിട്ടു നല്‍കുകയും പകരം അഞ്ച് ഏക്കര്‍ സ്ഥലം മുസ്‌ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി വിട്ടുനല്‍കിയുമായിരുന്നു സുപ്രീം കോടതിയുടെ വിധി. യു.പിയിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.
തുടര്‍ന്ന് അയോധ്യയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സൊഹവാല്‍ തഹസിലിന് കീഴിലെ ധന്നിപുര്‍ ഗ്രാമത്തിലുള്ള അഞ്ചേക്കര്‍ സ്ഥലം ജില്ലാ മജിസ്‌ട്രേറ്റ് അജിത് കുമാര്‍ ഝാ സുന്നി വഖഫ് ബോര്‍ഡിന് കൈമാറ്റം ചെയ്തിരുന്നു. 2020 ഓഗസ്റ്റ് മൂന്നിനായിരുന്നു ഈ നടപടി.
പള്ളി നിര്‍മാണം ആരംഭിക്കുന്നതിന് മുന്നോടിയായി പദ്ധതിക്കുള്ള അപേക്ഷാ ഫീസായും സൂക്ഷ്മ പരിശോധനാ ഫീസുമായി പള്ളി ട്രസ്റ്റ് 4,02,628 രൂപ അടച്ചിരുന്നെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയില്‍ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി പറഞ്ഞു.
നിര്‍ദ്ദിഷ്ട സ്ഥലത്ത് മുസ്‌ലിം പള്ളിക്ക് പുറമെ വിദ്യഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയുമടക്കം പണിയാനായിരുന്നു പള്ളി ട്രസ്റ്റിന്റെ തീരുമാനം. ഇതും ഉള്‍പ്പെടുത്തിയുള്ള പ്ലാനാണ് ട്രസ്റ്റ് അനുമതിക്കായി സമര്‍പ്പിച്ചിരുന്നത്.
സുപ്രീംകോടതി നിര്‍ദേശിച്ചത് പ്രകാരമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ ഭൂമി പള്ളി പണിയാനായി വിട്ടുനല്‍കിയത്. പിന്നെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പള്ളി നിര്‍മിക്കാനുള്ള പ്ലാനിന് എന്‍.ഒ.സി നല്‍കാത്തതെന്ന് അറിയില്ലെന്ന് പള്ളി ട്രസ്റ്റ് സെക്രട്ടറി അതര്‍ ഹുസൈന്‍ പ്രതികരിച്ചു.
ഭൂമി പരിശോധനയ്ക്ക് എത്തിയ അഗ്നിസുരക്ഷാ വിഭാഗം മാത്രമാണ് റോഡില്‍ നിന്നും നിയമം അനുശാസിക്കുന്ന അകലമില്ലെന്ന കാരണത്താല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്തുകൊണ്ടാണ് എന്‍.ഒ.സി നല്‍കാത്തതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് ഉത്തര്‍പ്രദേശിലെ ബാബ്‌റി മസ്ജിദ് ഹിന്ദുത്വ സംഘടനകള്‍ തകര്‍ത്തത്. കര്‍സേവകരടക്കമുള്ള തീവ്ര ഹിന്ദുത്വവാദികള്‍ പള്ളി മിനാരങ്ങളും ചുറ്റുമതിലുമടക്കം തകര്‍ത്ത് പള്ളിക്ക് സാരമായ നാശനഷ്ടങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു.
പള്ളി തകര്‍ത്തതിന് പിന്നാലെ രാജ്യത്ത് നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാമക്ഷേത്ര നിര്‍മ്മാണം പതിറ്റാണ്ടുകളായി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുകളിലെ പ്രധാന പ്രചാരണ ആയുധവുമായിരുന്നു.
പിന്നീട് 2019 നവംബര്‍ ഒമ്പതിനാണ് സുപ്രീംകോടതി ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുനല്‍കികൊണ്ട് വിധി പറഞ്ഞത്. ഹിന്ദു ക്ഷേത്രം പണിയുന്നതിനായി ഭൂമി ഇന്ത്യാ സര്‍ക്കാര്‍ രൂപീകരിക്കുന്ന ഒരു ട്രസ്റ്റിന് കൈമാറാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പൊളിച്ചുമാറ്റിയ ബാബറി മസ്ജിദിന് പകരമായി ഒരു പള്ളി പണിയാന്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് 5 ഏക്കര്‍ ഭൂമി നല്‍കാനും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.
Content Highlight: No NOC; Ayodhya Development Authority rejects plan to build mosque in Ayodhya