യു.പി.എസ്.സി പരീക്ഷകള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ? സത്യാവസ്ഥ ഇതാണ്...
Nationl News
യു.പി.എസ്.സി പരീക്ഷകള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ? സത്യാവസ്ഥ ഇതാണ്...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th August 2020, 3:23 pm

കൊവിഡ് വ്യാപനകാലത്ത് യു.പി.എസ്.സി / പി.എസ്.സി പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് കൈയും കണക്കുമില്ല. ഈ സാഹചര്യത്തിലാണ് പരീക്ഷാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഒരു വാര്‍ത്ത പ്രചരിക്കുന്നത്.

ഇനി നടക്കാനിരിക്കുന്ന യു.പി.എസ്.സി പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ എല്ലാവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് ഇപ്പോള്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്ത. സര്‍ട്ടിഫിക്കറ്റ് ഹാജരാകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനും കഴിയില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തി പ്രചരിക്കുന്ന ഈ സന്ദേശങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍.

ഒക്ടോബര്‍ നാലിന് തുടങ്ങാനിരിക്കുന്ന യു.പി.എസ്.സി പരീക്ഷകള്‍ക്കാണ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെ വാര്‍ത്ത തള്ളി പ്രസാര്‍ ഭാരതി ട്വീറ്റുമായി രംഗത്തെത്തി.

യു.പി.എസ്.സി പരീക്ഷ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും യു.പി.എസ്.സി അത്തരത്തില്‍ ഒരു നിര്‍ദ്ദേശവും പുറത്തിറക്കിയിട്ടില്ലെന്നും പ്രസാര്‍ ഭാരതി ട്വീറ്റ് ചെയ്തു.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് പരീക്ഷ തീയതി ഒക്ടോബറിലേക്ക് മാറ്റിയത്. സെപ്റ്റംബറില്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കും.

 

അതേസമയം ഈ വര്‍ഷം പരീക്ഷ എഴുതാന്‍ ആഗ്രഹിക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ പിന്‍വലിക്കാനും അവസരമുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അതീവ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും പരീക്ഷ നടത്തുക.

എന്നാല്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച യാതൊരു നിര്‍ദ്ദേശവും യു.പി.എസ്.സി പുറത്തിറക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights: UPSC exam covid negative certificate