'വല്യ ഡെക്കറേഷന്‍ വേണ്ട... സുധാമണി'; ഫേസ്ബുക്ക് പോസ്റ്റുമായി പി. ജയരാജന്റെ മകന്‍
Kerala
'വല്യ ഡെക്കറേഷന്‍ വേണ്ട... സുധാമണി'; ഫേസ്ബുക്ക് പോസ്റ്റുമായി പി. ജയരാജന്റെ മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 2:46 pm

കണ്ണൂര്‍: അമൃതാനന്ദമയിയെ വിമര്‍ശിച്ച് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. ‘വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട… സുധാമണി’ എന്ന് കുറിച്ചുകൊണ്ടാണ് ജെയിന്‍ വിമര്‍ശനം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

അതേസമയം അമൃതാനന്ദമയിയെ ആദരിക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പങ്കെടുത്തത് വിവാദമായ സാഹചര്യത്തിലാണ് ജെയിന്റെ വിമര്‍ശനം.

ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷവേളയിലാണ് സംസ്ഥാന സര്‍ക്കാര്‍ അമൃതാനന്ദമയിക്ക് ആദരം നല്‍കിയത്. സജി ചെറിയാനാണ് അമൃതാനന്ദമയിയെ ആദരിച്ചത്. അമൃത വിശ്വാവിദ്യാപീഠം അമൃതപുരി ക്യാമ്പസിലാണ് പരിപാടി നടന്നത്.

ചടങ്ങില്‍ വെച്ച് സജി ചെറിയാന്‍ അമൃതാനന്ദമയിക്ക് സ്‌നേഹാലിംഗനവും ചുംബനവും നല്‍കിയിരുന്നു. കേരളത്തിന് വേണ്ടി താന്‍ അമ്മയ്ക്ക് ജന്മദിനാശംസകള്‍ അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു. ഇന്ന് അമൃതാനന്ദമയിയുടെ 72 ജന്മദിനമാണ്.

പരിപാടിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമാണ് സജി ചെറിയനെതിരെ ഉയരുന്നത്.

ഇടത് സര്‍ക്കാരിന്റെ നിലപാടുകളെയും മന്ത്രിയുടെ പരാമര്‍ശങ്ങളെയും മുന്‍നിര്‍ത്തിയാണ് ചിലരുടെ പ്രതികരണം. ആഗോള അയ്യപ്പ സംഗമം, ശബരിമലയിലെ സ്ത്രീപ്രവേശം തുടങ്ങിയ വിഷയങ്ങളും വിമര്‍ശനങ്ങളില്‍ ഇടം പിടിച്ചു.

ജെയിനിന്റെ പോസ്റ്റിന് താഴെയും സജി ചെറിയാനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകള്‍ ഉയരുന്നുണ്ട്. ‘സി.പി.എം.എമ്മിന്റെ മത നിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ത്ത് കേവലം വോട്ട് രാഷ്ട്രീയത്തിന് വേണ്ടി വെള്ളപ്പള്ളി, യോഗി അടക്കം എല്ലാ വര്‍ഗീയ വിഷസര്‍പ്പങ്ങളെയും വെള്ള പൂശുന്ന തിരക്കിലാണ് സര്‍ക്കാര്‍’ എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘എന്തൊരു പ്രഹസനം ആണ് സജീ…’ എന്നത് കാലത്തിന് മുന്നേ സഞ്ചരിച്ച ഡയലോഗാണെന്നും ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സി.പി.ഐ.എംഎം ഇത് എങ്ങോട്ടാണ് പോകുന്നതെന്നും ഒരു വിഭാഗം ചോദിക്കുന്നു.

Content Highlight: ‘No need for big decorations… Sudhamani’; P. Jayarajan’s son posts on Facebook