'ബാക്ക് ബെഞ്ചേഴ്‌സ്' വേണ്ട; എസ്.സി.ഇ.ആര്‍.ടിയുടെ നിര്‍ദേശങ്ങള്‍ക്ക് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം
Kerala
'ബാക്ക് ബെഞ്ചേഴ്‌സ്' വേണ്ട; എസ്.സി.ഇ.ആര്‍.ടിയുടെ നിര്‍ദേശങ്ങള്‍ക്ക് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം
രാഗേന്ദു. പി.ആര്‍
Thursday, 8th January 2026, 9:07 pm

തിരുവനന്തപുരം: വിദ്യാലയങ്ങളെ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന കരട് റിപ്പോര്‍ട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാനമായും രണ്ട് നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുക, ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറികള്‍ സൃഷ്ടിക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍.

വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിരിയിക്കുന്നത്.

എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന ജനാധിപത്യപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനും വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നു.

ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തി ആരും പിന്നിലല്ലെന്ന് ഉറപ്പുനല്‍കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്. പ്രസ്തുത വിഷയങ്ങള്‍ പഠിക്കാന്‍ എസ്.സി.ഇ.ആര്‍.ടിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.സി.ഇ.ആര്‍.ടി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിനാണ് നിലവില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം വലുതാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറയുന്നു.

അംഗീകാരം ലഭിച്ച കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വരുന്ന അധ്യയന വര്‍ഷം തന്നെ ഈ മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

Content Highlight: No more ‘backbenchers’; Curriculum Steering Committee approves SCERT’s proposals

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.