അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ ഇനി ഫുള്‍ പാസില്ല; എഴുത്ത് പരീക്ഷയില്‍ 30% മാര്‍ക്ക് നേടിയാല്‍ മാത്രം വിജയിപ്പിക്കും
Kerala News
അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ ഇനി ഫുള്‍ പാസില്ല; എഴുത്ത് പരീക്ഷയില്‍ 30% മാര്‍ക്ക് നേടിയാല്‍ മാത്രം വിജയിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st June 2025, 3:38 pm

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ഇനി ഫുള്‍ പാസ് ഉണ്ടാകില്ല. എഴുത്ത് പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമെ ഇനി ക്ലാസ് കയറ്റം ലഭിക്കുകയുള്ളൂ എന്നതാണ് പുതിയ മാനദണ്ഡം.

കഴിഞ്ഞ വര്‍ഷം എട്ടാം ക്ലാസില്‍ ഇതേ രീതി നടപ്പിലാക്കിയിരുന്നു. അതിന് മുമ്പ് എട്ടാം ക്ലാസ് വരെ എല്ലാ വിദ്യാര്‍ത്ഥികളേയും ജയിപ്പിച്ചിരുന്നു. ഈ വര്‍ഷം ഇത് ഒമ്പതാം ക്ലാസിലേക്കും വ്യാപിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് പിന്നെ അഞ്ച് മുതല്‍ ഒമ്പത് വരെ ആക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എട്ടാം ക്ലാസില്‍ ഈ രീതി നടപ്പിലാക്കിയപ്പോള്‍ വലിയ രീതിയില്‍ പൊസിറ്റീവായ പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് വിദ്യാഭ്യാസ വിദഗ്ദ സമിതിയുടെ ശുപാര്‍ശ പ്രകാരം മറ്റ് ക്ലാസുകളിലും മിനിമം മാര്‍ക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

എല്ലാ ക്ലാസുകളിലേയും മുഴുവന്‍ വിദ്യാര്‍ത്ഥികളേയും വിജയിപ്പിക്കുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാര തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് വിമര്‍ശനമുണ്ടായിരുന്നു. കൂടാതെ സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം കുറയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓള്‍ പാസ് നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച ഷെഡ്യൂളില്‍ ഭേദഗതി വന്നപ്പോള്‍ പല സംസ്ഥാനങ്ങളിലും മാറ്റം വന്നപ്പോള്‍ കേരളത്തിലേത് അതുപോലെ തുടരുകയായിരുന്നു.

അതേസമയം (തിങ്കളാഴ്ച്ച) നാളെ തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ തുറക്കുന്ന തീയതിയില്‍ മാറ്റം ഉണ്ടാകും.

Content Highlight: No more all-pass in classes 5 to 9; 30% marks in written exam needed to pass