പണമില്ല, എണ്ണയില്ല, ഭക്ഷണമില്ല; ക്യൂബയെ 'സൗഹൃദപരമായി ഏറ്റെടുക്കും': ട്രംപ്
Cuba
പണമില്ല, എണ്ണയില്ല, ഭക്ഷണമില്ല; ക്യൂബയെ 'സൗഹൃദപരമായി ഏറ്റെടുക്കും': ട്രംപ്
അനിത സി
Saturday, 28th February 2026, 6:42 am

വാഷിങ്ടണ്‍: കടുത്ത ഉപരോധം ഏര്‍പ്പെടുത്തി പ്രതിസന്ധിയിലാക്കിയിരിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ ക്യൂബയെ കീഴടക്കുമെന്ന് പരോക്ഷമായി പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

‘ക്യൂബന്‍ സര്‍ക്കാര്‍ വലിയ പ്രശ്‌നത്തിലാണ്. അതുകൊണ്ട് അവരുമായി സംസാരിക്കുകയാണ്. അവരുടെ കയ്യില്‍ പണമില്ല. ഇപ്പോള്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഒരു പക്ഷെ സൗഹാര്‍ദപരമായ ഒരു ഏറ്റെടുക്കല്‍ നടന്നേക്കാം. അവരും നമ്മളോട് സംസാരിക്കുന്നുണ്ട്. സൗഹാര്‍ദപരമായ ഏറ്റെടുക്കല്‍ നടത്താന്‍ യു.എസിന് സാധിക്കും,’ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപ് സൗഹാര്‍ദപരമായ ഏറ്റെടുക്കലെന്ന് വിശദീകരിക്കുമ്പോഴും അതെങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ക്യബയുടെ നിലവിലെ അവസ്ഥ മുതലെടുത്ത് രാജ്യത്തെ കൈപ്പിടിയിലൊതുക്കാനാണ് ട്രംപിന്റെ ശ്രമങ്ങളെന്നാണ് നല്‍കിയിരിക്കുന്ന സൂചന.

‘ക്യൂബയുടെ കയ്യില്‍ പണമില്ല. എണ്ണയില്ല, ഭക്ഷണമില്ല. ശരിക്കും കുഴപ്പത്തിലായ രാഷ്ട്രമാണത്. അവര്‍ക്ക് യു.എസിന്റെ സഹായം വേണം,’ ട്രംപ് പറഞ്ഞു.

വെസ്വേലയിലെ നിക്കോളാസ് മഡുറോ സര്‍ക്കാരിനെ അട്ടിമറിക്കുകയും മഡുറോയെയും പങ്കാളിയെയും തടവിലാക്കുകയും ചെയ്ത ട്രംപ് കഴിഞ്ഞ രണ്ട് മാസമായി കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ചെറിയ കമ്മ്യൂണിസ്റ്റ് രാജ്യത്തിനെതിരെ തിരിയുന്നതിന്റെ സൂചനകളാണ് നല്‍കിയിരിക്കുന്നത്.

ക്യൂബയില്‍ രാഷ്ട്രീയ അട്ടിമറി നടത്താനും ഭരണകൂടത്തെ താഴെയിറക്കാനും ട്രംപ് നയതന്ത്രപരമായും സാമ്പത്തികപരമായുമുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചിരിക്കുകയാണ്.

ക്യൂബ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പരാജയപ്പെട്ട രാജ്യമാണതെന്നും ട്രംപ് ആരോപിച്ചു. കുട്ടിക്കാലം മുതല്‍ താന്‍ കേള്‍ക്കുന്നതാണ് ക്യൂബയെ കുറിച്ചെന്നും എല്ലാവരും ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാന്‍ തനിക്ക് സാധിക്കുമെന്നും ട്രംപ് ടെക്‌സസിലേക്കുള്ള യാത്രാമധ്യേ  മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ക്യൂബയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ക്യൂബന്‍-അമേരിക്കന്‍ വംശജനായ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ദൗത്യം ഏല്‍പ്പിച്ചെന്നും ട്രംപ് പറഞ്ഞു. ഉയര്‍ന്ന തലത്തില്‍ അദ്ദേഹമത് കൈകാര്യം ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.

Content Highlight: No money, no oil, no food; Cuba will be ‘friendly’ taken over: Trump

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.