ന്യൂദല്‍ഹി: ലോക്‌സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളെ വീണ്ടും തെരഞ്ഞെടുത്ത് അധികാരത്തിലെത്തിച്ച ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ദാരിദ്ര നിര്‍മാര്‍ജന പദ്ധതി ലക്ഷ്യം കണ്ടുവെന്നും 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായല്ല, എല്ലാം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു. ഗരീബി ഹഡാവോ എന്ന മുദ്രാവാക്യം ഇപ്പോള്‍ എവിടെ? കോണ്‍ഗ്രസ് നിരവധി കപട വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ തങ്ങള്‍ അത് പ്രാവര്‍ത്തികമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ദാരിദ്ര്യത്തില്‍ ജീവിച്ചവര്‍ക്ക് മേല്‍ക്കൂരയുടെ അര്‍ത്ഥം മനസിലാകും. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യേണ്ടിവരുന്ന ഒരു സ്ത്രീയുടെ ദുരവസ്ഥ മനസിലാക്കാന്‍ കഴിയാത്ത ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്,’ നരേന്ദ്ര മോദി
ചിലര്‍ ദരിദ്രരുടെ വീട്ടില്‍ ചെന്ന് ഫോട്ടോഷൂട്ട് നടത്തുന്നു. ചിലരാണെങ്കില്‍ സ്വന്തം വീട് മോഡി പിടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നാല് കോടിയിലധികം ദരിദ്രര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കിയെന്നും പാവപ്പെട്ടവര്‍ക്കായി 12 കോടി ടോയ്‌ലറ്റുകൾ നിര്‍മിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
ദാരിദ്ര്യത്തില്‍ ജീവിച്ചവര്‍ക്ക് മേല്‍ക്കൂരയുടെ അര്‍ത്ഥം മനസിലാകുമെന്നും തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യേണ്ടിവരുന്ന ഒരു സ്ത്രീയുടെ ദുരവസ്ഥ മനസിലാക്കാന്‍ കഴിയാത്ത ആളുകള്‍ രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.എ ഭരണത്തിലേറുന്നതിന് മുമ്പ് 75 ശതമാനം ആളുകള്‍ക്ക്, അതായത് 16 കോടിയിലധികം കുടുംബങ്ങള്‍ക്ക് പൈപ്പ് വാട്ടര്‍ കണക്ഷനുകള്‍ ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍.ഡി.എ സര്‍ക്കാര്‍ 12 കോടി വീടുകള്‍ക്ക് പൈപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കിയെന്നും മോദി പറഞ്ഞു.
ആദായ നികുതിയില്‍ നിന്ന് രാജ്യത്തെ മധ്യവര്‍ഗത്തെ സര്‍ക്കാര്‍ ഒഴിവാക്കിയെന്നും നരേന്ദ്ര മോദി പറഞ്ഞു. 10 വര്‍ഷത്തിനിടെ തന്റെ സര്‍ക്കാര്‍ അഴിമതി കാട്ടിയെന്ന് ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവാക്കള്‍ക്ക് വലിയ തൊഴില്‍ അവസരങ്ങളാണ് എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കിയതെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കുംഭമേള ഉള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കി.
ജനങ്ങളുടെ ആശീര്‍വാദത്തോടെയാണ് ഭരണത്തിലേറിയതെന്ന് പറഞ്ഞ മോദിക്ക്, തട്ടിപ്പിലൂടെയാണ് ഭരണം പിടിച്ചതെന്ന് പ്രതിപക്ഷം മറുപടി നല്‍കി. അദാനിക്കും അംബാനിക്കും വേണ്ടിയാണ് ഈ സർക്കാർ നിലനിൽക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ആയുധമാക്കുകയാണെന്നും പ്രതിപക്ഷം പറഞ്ഞു.
പ്രതിപക്ഷത്തോട് സ്പീക്കര്‍ ഓം ബിർള കയര്‍ത്തത്തോടെ, അവര്‍ എന്തെങ്കിലും പറഞ്ഞോട്ടെ വിഷമമുണ്ടാകുമെന്ന് മോദിയും പറഞ്ഞു.
ഇന്നലെ (തിങ്കള്‍) നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. ‘മേക്ക് ഇന്‍ ഇന്ത്യ’ നല്ലൊരു പദ്ധതി ആയിരുന്നെങ്കിലും ആശയം നടപ്പിലാക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും ഇന്ത്യയേക്കാള്‍ 10 വര്‍ഷം മുമ്പിലാണ് ചൈനയെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയുള്ള മോദിയുടെ മറുപടി പ്രസംഗം.
Content Highlight: No media has said that the NDA government is corrupt; Prime Minister during the debate on the motion of thanks