എത്ര വിജയിച്ചാലും ദളിതനാണെങ്കിൽ അവർക്ക് നിങ്ങളെ തകർക്കാൻ കഴിയും: രാഹുൽ ഗാന്ധി
India
എത്ര വിജയിച്ചാലും ദളിതനാണെങ്കിൽ അവർക്ക് നിങ്ങളെ തകർക്കാൻ കഴിയും: രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 5:20 pm

ചണ്ഡീഗഡ്: ഹരിയാനയിൽ ജാതിവിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥൻ വൈ. പുരൺ കുമാറിന്റെ മരണത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദളിതർ എത്ര വിജയിച്ചാലും ഒരു ദളിതനാണെങ്കിൽ അവരെ തകർക്കാൻ കഴിയുമെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിയുക്തവും സുതാര്യമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി വാഗ്‌ദാനം ചെയ്തിരുന്നുവെന്നും എന്നാൽ അതിതുവരെ നിറവേറ്റിയിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേസിൽ ഉടൻ നടപടിയെടുക്കണമെന്ന് അദ്ദേഹത്തോടും പ്രധാനമന്ത്രിയോടും താൻ ആവശ്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇന്ന് (ചൊവ്വ) പുരൺ കുമാറിന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുരൺ കുമാറിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ പെണ്മക്കളോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഹരിയാന മുഖ്യമന്ത്രിയോടും എനിക്ക് പറയാനുള്ളത് ഇത് ഒരു കുടുംബത്തിന്റെ മാത്രം കാര്യമല്ല രാജ്യത്തെ കോടികണക്കിനുള്ള ദളിത് സഹോദരന്മാരോടുള്ള ബഹുമാനമില്ലായ്മയാണ് സൂചിപ്പിക്കുന്നത്. അവർക്ക് തെറ്റായ സന്ദേശമാണിത് നൽകുന്നത്. നിങ്ങൾ എത്ര വിജയിച്ചാലും എത്ര ബുദ്ധിമാനായാലും കഴിവുള്ളവനായാലും നിങ്ങൾ ഒരു ദളിതനാണെങ്കിൽ അടിച്ചമർത്താനും പുറത്താക്കാനും കഴിയുമെന്ന സന്ദേശം. ഇത് സ്വീകാര്യമല്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.

വർഷങ്ങളായി അദ്ദേഹത്തിന്റെ കരിയറിൽ ഇത്തരം ആസൂത്രിതമായ ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. പുരൺ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്.

ഒക്ടോബർ 7 ന് ചണ്ഡീഗഡിലെ വീട്ടിൽ പുരൺ കുമാർ ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. ഹരിയാന ഡി.ജി.പി ശത്രുജിത് കപൂർ ഉൾപ്പെടെ എട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും അപമാനിച്ചെന്നും പുരൺ കുമാർ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു.

Content Highlight: No matter how successful you are, if you are a Dalit, they can destroy you: Rahul Gandhi