വാര്‍ണറും ഗെയ്‌ലും മലിംഗയുമില്ലാത്ത ഐ.പി.എല്‍? വിദേശകളിക്കാര്‍ ഏപ്രില്‍ 15 വരെ ഐ.പി.എല്ലിലുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്
I.P.L 2020
വാര്‍ണറും ഗെയ്‌ലും മലിംഗയുമില്ലാത്ത ഐ.പി.എല്‍? വിദേശകളിക്കാര്‍ ഏപ്രില്‍ 15 വരെ ഐ.പി.എല്ലിലുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Thursday, 12th March 2020, 2:34 pm

മുംബൈ: ഐ.പി.എല്‍ 2020 സീസണില്‍ ഏപ്രില്‍ 15 വരെ വിദേശകളിക്കാരുണ്ടാകില്ലെന്നുറപ്പായി. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള വിസ റദ്ദാക്കിയിരുന്നു.

ഇതോടെ ഐ.പി.എല്ലില്‍ പ്രധാനപ്പെട്ട വിദേശതാരങ്ങള്‍ക്ക് ആദ്യമത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ കാശി വിശ്വനാഥും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചെന്നൈ ടീമിലെ കളിക്കാര്‍ക്കായി നേരത്തെ ബിസിനസ് വിസ ബുക്ക് ചെയ്തിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇത് ക്യാന്‍സല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘കൂടുതല്‍ കളിക്കാരും ബിസിനസ് വിസയിലാണ് ഇങ്ങോട്ടുവരുന്നതും ഐ.പി.എല്ലില്‍ പങ്കെടുക്കുന്നതും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐയില്‍ നിന്ന് പ്രത്യേക അനുമതി ലഭിച്ചാലേ വിസ അനുവദിക്കാനാകൂ’, വിശ്വനാഥന്‍ പറഞ്ഞു.

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, പൊള്ളാര്‍ഡ്, സ്റ്റാര്‍ക്ക്, വില്യംസണ്‍, മലിംഗ, ക്രിസ് ഗെയ്ല്‍, ഡിവില്ലിയേഴ്‌സ് തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളാണ് ഐ.പി.എല്ലിലെ എല്ലാ ടീമുകളിലും ഉള്ളത്.

അതേസമയം കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഈ സീസണിലെ ഐ.പി.എല്‍ മത്സരങ്ങളും അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29 ന് നടക്കേണ്ട മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉദ്ഘാടനമത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന മഹാരാഷ്ട്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.

ആള്‍ക്കൂട്ടം ഒത്തുചേരുന്ന എല്ലാ പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ റോഡ് സുരക്ഷയുടെ ഭാഗമായി ഇന്ത്യ, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളിലെ വിരമിച്ച താരങ്ങളുടെ ടി-20 ടൂര്‍ണ്ണമെന്റ് നടക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നവാശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.

അതേസമയം ഐ.പി.എല്‍ മാറ്റിവെയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനുള്ള സാധ്യതകളും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്.

ഐ.പി.എല്‍ മാറ്റിവെയ്ക്കുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കും എന്നതാണ് ബി.സി.സി.ഐ നേരിടുന്ന വെല്ലുവിളി. മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് അഞ്ച് വര്‍ഷത്തേക്ക് 16000 കോടി രൂപയാണ് ബി.സി.സി.ഐയ്ക്ക് നല്‍കിയിട്ടുള്ളത്.

മാത്രമല്ല, മത്സരങ്ങള്‍ മാറ്റിവെയ്ക്കുന്നത് പരസ്യവരുമാനത്തേയും ബാധിക്കും.

WATCH THIS VIDEO: