ഇറാനുമായി പണമിടപാട് പ്രശ്‌നങ്ങളില്ല; എണ്ണക്കപ്പല്‍ വഴിതിരിച്ചുവിട്ടെന്ന ആരോപണം തള്ളി കേന്ദ്രം
India
ഇറാനുമായി പണമിടപാട് പ്രശ്‌നങ്ങളില്ല; എണ്ണക്കപ്പല്‍ വഴിതിരിച്ചുവിട്ടെന്ന ആരോപണം തള്ളി കേന്ദ്രം
അനിത സി
Saturday, 4th April 2026, 5:01 pm

ന്യൂദല്‍ഹി: ഇറാനുമായി പണമടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും യു.എസിന്റെ ഉപരോധവും കാരണം ഇറാനിയന്‍ ക്രൂഡ് ഓയില്‍ കയറ്റിയ ഒരു എണ്ണക്കപ്പല്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് വഴിതിരിച്ചുവിട്ടെന്ന ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍.

ഇറാനുമായി ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പണമടയ്ക്കല്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും, റിഫൈനറുകള്‍ ഇറാനില്‍ നിന്നും ആഗോള വിതരണക്കാരില്‍ നിന്നും എണ്ണ കൊണ്ടുവരുന്നത് തുടരുകയാണെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ശനിയാഴ്ച എക്‌സിലൂടെ പ്രതികരിച്ചു.

പണമടയ്ക്കല്‍ പ്രശ്നങ്ങള്‍ കാരണം ഇറാനിയന്‍ ക്രൂഡ് ഓയില്‍ കയറ്റിയ ഒരു എണ്ണക്കപ്പലിനെ ഗുജറാത്ത് വാഡിനാറില്‍ നിന്നും ചൈനയിലേക്ക് യാത്രാമധ്യേ തിരിച്ചുവിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റാണെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ യു.എസിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കപ്പലിനെ വഴി തിരിച്ചുവിട്ടതെന്ന പ്രചാരണങ്ങളോട് കേന്ദ്രം കുറിപ്പില്‍ പ്രതികരിച്ചില്ല.

‘ഇന്ത്യ 40-ലധികം രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. വാണിജ്യപരമായ പരിഗണനകളെ അടിസ്ഥാനമാക്കി വ്യത്യസ്ത സ്രോതസുകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും എണ്ണ ശേഖരിക്കുന്നതിന് കമ്പനികള്‍ക്ക് പൂര്‍ണമായ ഫ്‌ളെക്‌സിബിലിറ്റിയുണ്ട്.

പശ്ചിമേഷ്യയിലെ വിതരണ തടസങ്ങള്‍ക്കിടയിലും ഇന്ത്യന്‍ റിഫൈനറുകള്‍ ഇറാനില്‍ നിന്നുള്‍പ്പെടെ അസംസ്‌കൃത എണ്ണ ഉറപ്പാക്കിയിട്ടുണ്ട്.ഇറാനിയന്‍ അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് പണമടയ്ക്കല്‍ തടസമില്ല, മറിച്ചുള്ള അഭ്യൂഹങ്ങള്‍ തെറ്റാണ്.

2002 ല്‍ നിര്‍മ്മിച്ചതും 2025 ല്‍ യു.എസ് അനുമതി നല്‍കിയതുമായ അഫ്രാമാക്‌സ് ടാങ്കര്‍ പിങ് ഷുന്‍, ഗുജറാത്തിലെ വാഡിനാറിന് പകരം ചൈനയിലെ ഡോങ്യിങിനെയാണ് തങ്ങളുടെ ലക്ഷ്യസ്ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കപ്പല്‍ ട്രാക്കിങ് സ്ഥാപനമായ കെപ്ലര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇതോടെയാണ് പണമിടപാട് പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യ കപ്പലിന്റെ യാത്രയില്‍ ഇടപെട്ടെന്ന ആരോപണം ഉയര്‍ന്നത്.

2019 ന് ശേഷം ഇന്ത്യ ഇതാദ്യമായാണ് ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത്. എണ്ണ വ്യാപാരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ സബന്ധിച്ചുള്ള അറിവില്ലായ്മയാണ് കപ്പല്‍ വഴിതിരിച്ചുവിടല്‍ സംബന്ധിച്ച അവകാശവാദങ്ങള്‍ക്ക് പിന്നിലെന്നും കൂടാതെ വ്യാപാര ഒപ്റ്റിമൈസേഷനും പ്രവര്‍ത്തന ഫ്‌ളെക്‌സിബിലിറ്റിയും അടിസ്ഥാനമാക്കി ചരക്ക് കപ്പലുകള്‍ യാത്രയ്ക്കിടെ ലക്ഷ്യസ്ഥാനങ്ങള്‍ മാറ്റാറുണ്ട്,’ മന്ത്രാലയം എക്‌സിലൂടെ പറഞ്ഞു.

വരും മാസങ്ങളിലും ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ ആവശ്യം പൂര്‍ണമായും സുരക്ഷിതമായിത്തന്നെ തുടരുമെന്ന് ഉറപ്പാണെന്നും മന്താലയം അറിയിച്ചു.

മാര്‍ച്ച് 4 ന് ഖാര്‍ഗ് ദ്വീപില്‍ നിന്ന് ലോഡ് ചെയ്ത ഏകദേശം 6,00,000 ബാരല്‍ എണ്ണ വഹിച്ചാണ് പിങ് ഷുന്‍ യാത്ര ആരംഭിച്ചത്. കെപ്ലര്‍ റിപ്പോര്‍ട്ട് പ്രകാരം വാഡിനാറില്‍ ഏപ്രില്‍ 4ന് എത്തേണ്ടതായിരുന്നു. എന്നാല്‍, പിന്നീടിത് ചൈനയിലേക്ക് ലക്ഷ്യം മാറ്റി.

ഇറാനുമായുള്ള ഊര്‍ജ വ്യാപാരത്തിന് തടസങ്ങളൊന്നുമില്ലെന്നും ഏപ്രില്‍ 2ന് ഏകദേശം 44,000 ടണ്‍ ഇറാനിയന്‍ എല്‍.പി.ജി വഹിച്ചുകൊണ്ട് സീ ബേര്‍ഡ് കപ്പല്‍ മംഗലാപുരത്ത് നങ്കൂരമിട്ടെന്നും മന്ത്രാലയം അറിയിച്ചു. നിലവില്‍ കപ്പലില്‍ നിന്നും ചരക്ക് മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: No financial issues with Iran; Centre denies allegations of diversion of crude oil container

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.