ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
അലോക് വര്‍മ്മയ്‌ക്കെതിരെ ഒരു തെളിവുമില്ല; കേന്ദ്രസര്‍ക്കാരിനെതിരെ സി.വി.സി തലവന്‍ ജസ്റ്റിസ് എ.കെ പട്‌നായിക്ക്
ന്യൂസ് ഡെസ്‌ക്
Saturday 12th January 2019 9:10am

ന്യൂദല്‍ഹി: സി.ബി.ഐ മുന്‍ ഡയക്ടര്‍ അലോക് വര്‍മ്മയ്ക്ക് പിന്തുണയുമായി സി.വി.സി അംഗവും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ എ.കെ പട്‌നായിക്. അലോക് വര്‍മ്മ അഴിമതി നടത്തിയെന്നതിന് യാതൊരു തെളിവുമില്ലെന്ന് പട്‌നായിക് വ്യക്തമായി.

അലോക് വര്‍മ്മയെ പുറത്താക്കിയ ഉന്നതാധികാരസമിതിയുടെ തീരുമാനം തിരക്കിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.വി.സി അന്വേഷണത്തിന്റെ മേല്‍നോട്ടചുമതല പട്‌നായിക്കിനായിരുന്നു.

സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താന തനിക്ക് മൊഴി നല്‍കിയിട്ടില്ലെന്നും പട്‌നായിക്ക് പറഞ്ഞു. രാകേഷ് അസ്താനയുടെ പരാതിയിലാണ് അന്വേഷണം നടന്നിരുന്നത്.

ALSO READ: എസ്.പി-ബി.എസ്.പി സഖ്യത്തില്‍ തങ്ങളെ ഉള്‍പ്പെടുത്താത്തത് ഗുരുതര തെറ്റ്: കോണ്‍ഗ്രസ്

നേരത്തെ സുപ്രീം കോടതി അലോക് വര്‍മ്മയെ സി.ബി.ഐ തലപ്പത്ത് വീണ്ടും നിയമിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സി.വി.സി) അന്വേഷണം കഴിയുന്നതു വരെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും നടപ്പിലാക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍.

ALSO READ: ഗൂഢലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; ശബരിമലയിലേക്ക് ഉടനില്ലെന്ന് തൃപ്തി ദേശായി

അതേസമയം തനിക്ക് നീതി നിഷേധിച്ചെന്നും നടപടി ക്രമങ്ങള്‍ അട്ടിമറിച്ചെന്നും ആരോപിച്ച് അലോക് വര്‍മ്മ രാജിവെച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് തന്നെ പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാറിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പരാമര്‍ശങ്ങളാണ് അലോക് വര്‍മ്മ ഉന്നയിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഏജന്‍സിയാണ് സി.ബി.ഐ. ഈ ഏജന്‍സിയില്‍ പുറമേ നിന്നുള്ള ഇടപെടല്‍ ഉണ്ടാകരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

WATCH THIS VIDEO:

Advertisement