എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് പഠിക്കാനിടമുണ്ടോ; എ പ്ലസ് ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ ഈ കണക്കുകള്‍ ഒന്ന് ശ്രദ്ധിക്കണം
Education
എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് പഠിക്കാനിടമുണ്ടോ; എ പ്ലസ് ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ ഈ കണക്കുകള്‍ ഒന്ന് ശ്രദ്ധിക്കണം
സൗമ്യ ആര്‍. കൃഷ്ണ
Thursday, 9th May 2019, 6:04 pm

പ്രളയവും നിപയും എല്ലാം അതിജീവിച്ച കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത് വളരെ കുറഞ്ഞ അധ്യയന ദിവസങ്ങളാണ്. എന്നാല്‍ ആശങ്കകളെ എല്ലാം മാറ്റി മറിച്ച് കൊണ്ടാണ് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ പുറത്ത് വന്നത്. പത്താംക്ലാസ്സ് ഫലമനുസരിച്ച് കേരളത്തില്‍ 4,26,513 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹരായിരിക്കുന്നത്. 98.11 ശതമാനം വിജയവും ഫുള്‍ എ പ്ലസ് നേടിയ 37334 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മികച്ച ഫലമായാണ് ഇത്തവണത്തേതിനെ കണക്കാക്കുന്നത്. എന്നാല്‍ ജയിച്ച എല്ലാ കുട്ടികള്‍ക്കും തുടര്‍പഠനത്തിനുള്ള അവസരം നല്‍കുക എന്നതാണ് സര്‍ക്കാരിനു മുന്നിലുള്ള പുതിയ വെല്ലുവിളി.

സംസ്ഥാനത്ത് നിലവില്‍ 4,22,853 പ്ലസ് വണ്‍ സീറ്റുകള്‍ ആണ് ഉള്ളത്. സേ പരീക്ഷ കൂടി കഴിയുമ്പോള്‍ വിജയിച്ചവരുടെ എണ്ണം കുറഞ്ഞത് 5,00,000 എങ്കിലുമാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാന്‍ നിലവിലുള്ള സീറ്റുകള്‍ മതിയാവില്ല. ഏകദേശം 70000 വിദ്യാര്‍ത്ഥികള്‍ ജയിച്ചിട്ടും സീറ്റ് ലഭിക്കാതെ പുറത്ത് നില്‍ക്കേണ്ടി വരും.

സീറ്റിന്റെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവ് വരുത്തിയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭ്യമാക്കാന്‍ ശ്രമിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറേ കാലമായി ഇതേ രീതിയാണ് പിന്തുടരുന്നത്.

 

സംസ്ഥാനത്ത് ആകെ 2075 പ്ലസ്ടു സ്‌കൂളുകളാണ് ഉള്ളത്. പല ജില്ലകളിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്‌കൂളുകള്‍ ഇല്ല. 20 ശതമാനം സീറ്റ് വര്‍ദ്ധിക്കുകയാണെങ്കില്‍ തന്നെ ഈ ആവശ്യത്തിനനുസരിച്ച് ജില്ലകളില്‍  ആനുപാതികമായി ക്രമീകരിക്കുക എങ്ങനെയാകുമെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മലപ്പുറത്താണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും വിജയം കൊയ്തത്.

80052 വിദ്യാര്‍ത്ഥികളാണ് മലപ്പുറത്ത് പരീക്ഷയെഴുതിയത്. ജില്ലയില്‍ 90 ശതമാനത്തിലധികമാണ്. ഇതില്‍ വിജയശതമാന 5970 പേര്‍ക്ക് ഫുള്‍ എ പ്ലസും ലഭിച്ചു. ജില്ലയില്‍ ആകെ സ്‌കൂളുകളുടെ എണ്ണം 248 ഉം ആകെ സീറ്റിന്റെ എണ്ണം 60695 മാണ്. അതായത് ഏകദേശം 10000 കുട്ടികള്‍ പ്രവേശനത്തിന് പുറത്ത് നില്‍ക്കും.

10780 വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തിന് യോഗ്യത നേടിയ പത്തനംതിട്ടയില്‍ 17741 സീറ്റുകളാണ് നിലവിലുള്ളത്. പത്തനംതിട്ടയില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധനവിന്റെ ആവശ്യമില്ല എന്നാല്‍ മലപ്പുറത്ത് 20 ശതമാനം ഒരു പക്ഷേ മതിയായെന്നും വരില്ല.

വര്‍ഷാവര്‍ഷം ഏറി വരുന്ന വിജയശതമാനം കാരണം മലബാറില്‍ പത്താം ക്ലാസ് പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്ണില്‍ സീറ്റ് തികയാത്ത പ്രശ്‌നം മിക്ക വര്‍ഷങ്ങളിലുമുണ്ടാവാറുണ്ട്. സീറ്റിന്റെ എണ്ണം കൂട്ടുക എന്നത് മാത്രമാണ് ഇതിന്റെ പ്രതിവിധി. ബാച്ചിന്റെ എണ്ണം കൂട്ടുന്നത് സര്‍ക്കാരിന് വലിയ ബാധ്യത ഉണ്ടാക്കും. മാത്രമല്ല എയ്ഡഡ് സ്‌കൂളുകള്‍ ഈ അവസരം മുതലെടുത്ത് കൊള്ളലാഭം കൊയ്യാനും സാധ്യതയുണ്ട്. അതുകൊണ്ട് താത്കാലിക പ്രതിവിധി സീറ്റിന്റെ എണ്ണം കൂട്ടുകയെന്നതാണ്. മാത്രമല്ല നിലവിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ സ്‌ട്രെങ്ത് അനുസരിച്ച് വരും വര്‍ഷങ്ങളില്‍ സീറ്റ് കുറവെന്ന പ്രശ്‌നം ഉണ്ടാകില്ല എന്നതാണ് എന്റെ വിശ്വാസം’ എന്ന് എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസറായ എ.കെ.അബ്ദുള്‍ ഹക്കീം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇത്തവണ എസ്.എസ്.എല്‍.സി ജയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് സീറ്റ് ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ മുന്നൊരുക്കം തുടങ്ങി. സേ ജയിച്ചുവരുന്നവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ എല്ലാവര്‍ക്കും പ്രവേശനം ലഭിക്കില്ല. ഇത് പരിഹരിക്കാന്‍ 20 ശതമാനം സീറ്റ് വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വിദ്യാര്‍ഥികള്‍ തീരെ കുറവുള്ള ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ജില്ല മാറ്റി കുട്ടികള്‍ കൂടുതലുള്ള ജില്ലകള്‍ക്ക് നല്‍കും. എന്നിട്ടും കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം സാധ്യമാകാത്ത പിന്നോക്ക പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ പുതിയ സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിക്കുന്നതും പരിഗണനയിലുള്ളതായി ഭരണകക്ഷിയുടെ മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 3ന് ക്ലാസ് തുടങ്ങും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത് എന്നാല്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ തീരുമാനങ്ങള്‍ എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും. കാലങ്ങളായി അനുഭവിക്കുന്ന പ്രശ്‌നത്തിന് സ്ഥിരമായൊരു പ്രതിവിധി കാണണം എന്നാണ് അവരുടെ ആവശ്യം.

 

 

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.