യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട് റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടിയിരിക്കുകയാണ് ചെല്‍സി. മാച്ച് ഡേ 8 അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ചെല്‍സി നേരിട്ട് പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.
എട്ട് മത്സരത്തില്‍ നിന്നും അഞ്ച് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 16 പോയിന്റാണ് ചെല്‍സിക്കുള്ളത്.
ഇതോടെ ഒരു റെക്കോഡും ചെല്‍സി സ്വന്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം തവണ റൗണ്ട് ഓഫ് സിക്‌സ്റ്റീനില്‍ പ്രവേശിക്കുന്ന ടീമായാണ് ചെല്‍സി റെക്കോഡിട്ടത്. ഇത് 18ാം തവണയാണ് ലണ്ടന്റെ നീലപ്പട യു.സി.എല്‍ റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യതയുറപ്പിക്കുന്നത്.
യു.സി.എല്‍ റൗണ്ട് ഓഫ് സിക്സ്റ്റീനിന് ഏറ്റവുമധികം തവണ യോഗ്യത നേടിയ ഇംഗ്ലീഷ് ടീമുകള്‍
കഴിഞ്ഞ സീസണില്‍ തേര്‍ഡ് ടയര്‍ യൂറോപ്യന്‍ കോമ്പറ്റീഷനായ യുവേഫ കോണ്‍ഫറന്‍സ് ലീഗിലാണ് ചെല്‍സിക്ക് കളിക്കേണ്ടി വന്നത്. കുഞ്ഞന്‍ ടീമുകള്‍ക്കൊപ്പം ഇത്രത്തോളം ലെഗസിയുള്ള ടീം കളിക്കേണ്ടി വന്നത് ആരാധകര്‍ക്ക് നിരാശയുണ്ടാക്കിയിരുന്നു.
എന്നാല്‍ പിന്തള്ളപ്പെട്ടതിനെയും അവസരമാക്കിയാണ് ചെല്‍സി യൂറോപ്യന്‍ ഫുട്‌ബോളില്‍ അന്ന് ചരിത്രമെഴുതിയത്. സ്പാനിഷ് സൂപ്പര്‍ ടീം റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി കോണ്‍ഫറന്‍സ് ലീഗ് കിരീടമണിഞ്ഞതോടെ ആറ് യൂറോപ്യന്‍ കിരീടങ്ങളും സ്വന്തമാക്കുന്ന ചരിത്രത്തിലെ ഏക ടീം എന്ന നേട്ടമാണ് ചെല്‍സി സ്വന്തമാക്കിയത്.
യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീടവുമായി. Photo: Chelsea/x.com
യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കോണ്‍ഫറന്‍സ് ലീഗ്, യുവേഫ യൂത്ത് ലീഗ്, യുവേഫ കപ്പ് വിന്നേഴ്സ് കപ്പ് എന്നീ കിരീടങ്ങളാണ് ചെല്‍സി തങ്ങളുടെ ട്രോഫി ക്യാബിനെറ്റിലെത്തിച്ചത്. ഇതിന് പിന്നാലെ യുവേഫ ടീമിന് പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചിരുന്നു.
അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ ചിരവൈരികളായ ആഴ്‌സണലും ടോട്ടന്‍ഹാം ഹോട്‌സ്പറും നേരിട്ട് റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യതയുറപ്പിച്ചിട്ടുണ്ട്. ആഴ്‌സണല്‍ ഒന്നാം സ്ഥാനക്കാരായും ടോട്ടന്‍ഹാം നാലാം സ്ഥാനക്കാരുമായാണ് മുമ്പോട്ട് കുതിച്ചത്.