ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് വേണ്ട; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി
World
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് വേണ്ട; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 2:10 pm

ബീജിങ്: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടി. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് വേണ്ടെന്ന ഇന്ത്യയുടെ നിലപാടിനോട് യോജിക്കുകയും ചെയ്തു.

‘ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ഭീകരതയെ അപലപിക്കുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിലെ ഇരട്ടത്താപ്പ് സ്വീകാര്യമല്ലെന്ന് ഊന്നിപ്പറയുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദികളുടെ നീക്കം ഉള്‍പ്പെടെയുള്ള ഭീകരതയെ ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു,’ എസ്.സി.ഒ നേതാക്കള്‍ അംഗീകരിച്ച ടിയാന്‍ജിന്‍ പ്രഖ്യാപനത്തില്‍ പറയുന്നു.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും ഇത്തരം ആക്രമണങ്ങളുടെ പിന്നിലെ കുറ്റവാളികളെയും സ്പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ നടത്തിയ സൈനിക ആക്രണത്തെയും എസ്.സി.ഒ രാജ്യങ്ങള്‍ അപലപിച്ചു. ഇത് സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും പറഞ്ഞു.

ഉടനടി, സമ്പൂര്‍ണവും സുസ്ഥിരവുമായ വെടിനിര്‍ത്തല്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത, മാനുഷിക സഹായം ലഭ്യമാക്കല്‍, മേഖലയിലെ എല്ലാ നിവാസികള്‍ക്കും സമാധാനം, സ്ഥിരത, സുരക്ഷ എന്നിവ കൈവരിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങള്‍ എന്നിവ അവര്‍ ഊന്നിപ്പറഞ്ഞു.

പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ഏക സാധ്യമായ മാര്‍ഗം ഫലസ്തീന്‍ പ്രശ്നത്തിന്റെ സമഗ്രവും നീതിയുക്തവുമായ പരിഹാരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജൂണില്‍ ഇറാനെതിരെ ഇസ്രഈലും യു.എന്നും നടത്തിയ സൈനിക ആക്രമണത്തെയും എസ്.സി.ഒ നേതാക്കള്‍ അപലപിച്ചു.

സാധാരണക്കാരുടെ മരണത്തിന് കാരണമായ ആക്രമണാത്മക നടപടികള്‍ അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും തത്വങ്ങളുടെയും മാനദണ്ഡങ്ങളുടെയും കടുത്ത ലംഘനവും ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമാധികാരത്തിന്മേലുള്ള ലംഘനവുമാണ്. ഇത് അന്തര്‍ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തുകയും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, പാകിസ്ഥാന്‍ പ്രസിഡന്റ് ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും എസ്.സി.ഒ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുത്തു.

Content Highlight: No double standards in fight against terrorism; Shanghai Summit condemns Pahalgam terror attack