സുന്നി ലയനം കാലഘട്ടത്തിന്റെ ആവശ്യം, എന്നാല്‍ മുന്‍കാല പണ്ഡിതന്മാരെ ആക്ഷേപിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ല: കാന്തപുരത്തെ തള്ളി നാസര്‍ ഫൈസി കൂടത്തായി
Kerala News
സുന്നി ലയനം കാലഘട്ടത്തിന്റെ ആവശ്യം, എന്നാല്‍ മുന്‍കാല പണ്ഡിതന്മാരെ ആക്ഷേപിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ല: കാന്തപുരത്തെ തള്ളി നാസര്‍ ഫൈസി കൂടത്തായി
ആദര്‍ശ് എം.കെ.
Sunday, 28th June 2026, 6:06 am

കോഴിക്കോട്: കേരളത്തിലെ സുന്നി സംഘടനകള്‍ തമ്മിലുള്ള ലയനം കാലഘട്ടം ഏറെ ആഗ്രഹിക്കുന്ന ഒന്നാണെന്നും, പൂര്‍ണമായ വിട്ടുവീഴ്ചകളോടെയുള്ള ലയനമാണ് ഉണ്ടാകേണ്ടതെന്നും എസ്.വൈ.എസ്. നേതാവ് നാസര്‍ ഫൈസി കൂടത്തായി.

എന്നാല്‍, ലയനത്തിന്റെ പേരില്‍ സമസ്തയുടെ മുന്‍കാല നേതാക്കളായ പണ്ഡിതന്മാരെയും അവരുടെ തീരുമാനങ്ങളെയും തള്ളിപ്പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പഴയകാലത്തെ ഉലമാക്കളും പണ്ഡിതസഭയും എടുത്ത തീരുമാനങ്ങള്‍ തെറ്റായിരുന്നുവെന്നോ, അവര്‍ ഏതെങ്കിലും ബാഹ്യശക്തികള്‍ക്ക് വിധേയമായാണ് അത്തരം തീരുമാനങ്ങളില്‍ എത്തിയതെന്നോ ഉള്ള ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്.

സമസ്തയിലെ മഹാഭൂരിപക്ഷവും പാരമ്പര്യമായി വിശ്വസിക്കുന്നതും അംഗീകരിക്കുന്നതും അക്കാലത്ത് ശൈഖുനാ ശംസുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ എടുത്ത തീരുമാനങ്ങള്‍ തികച്ചും സുചിന്തിതമായിരുന്നു എന്നാണ്.

അവര്‍ എടുത്ത തീരുമാനങ്ങള്‍ ബാഹ്യസമ്മര്‍ദം മൂലമാണെന്ന് ആരോപിക്കുന്നത് ആ പണ്ഡിതന്മാരെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. ലോക പണ്ഡിതന്മാരില്‍ പ്രമുഖനായ ശംസുല്‍ ഉലമയെപ്പോലുള്ളവര്‍ ഒരുപാട് ആലോചിച്ച ശേഷമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. അത് മുസ്‌ലിം ലീഗിന്റെയോ മറ്റേതെങ്കിലും കറുത്ത കരങ്ങളുടെയോ ഇടപെടല്‍ കൊണ്ട് സംഭവിച്ചതല്ല,’ നാസര്‍ ഫൈസി പറഞ്ഞു.

അന്ന് പണ്ഡിതന്മാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയത് ബാഹ്യശക്തികളാണെന്ന് ആരോപിക്കുന്നവര്‍ തന്നെ, ഇന്ന് ഈ രണ്ട് സംഘടനകളും തമ്മിലുള്ള ലയനത്തിന് മധ്യസ്ഥത വഹിക്കേണ്ടത് മുസ്‌ലിം ലീഗ് ആണെന്ന് അഭിപ്രായപ്പെടുന്നുണ്ടെന്നും അന്ന് മുസ്‌ലിം ലീഗ് ആണ് ആ തെറ്റ് ചെയ്തതെങ്കില്‍, ഇന്ന് അതേ ലീഗിനെ മധ്യസ്ഥസ്ഥാനം ഏല്‍പ്പിക്കാന്‍ ആരും തയ്യാറാകില്ലെന്നും എസ്.വൈ.എസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട് ബാഹ്യശക്തി എന്ന് പറയുന്നത് മുസ്‌ലിം ലീഗ് അല്ല എന്നത് അവരുടെ പ്രസ്താവനകളില്‍ നിന്ന് തന്നെ വ്യക്തമാണ്. പിന്നെ അവര്‍ ഉദ്ദേശിക്കുന്നത് മറ്റേത് ശക്തിയാണെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ വ്യക്തമാക്കണം.

ചരിത്രം പരിശോധിച്ചാല്‍, സമസ്ത എടുത്ത തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും അന്ന് ബി.വി. അബ്ദുള്ളക്കോയ സാഹിബും നേതൃത്വം നല്‍കിയ മുസ്‌ലിം ലീഗ് സമസ്തക്കൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഴയ തീരുമാനങ്ങളിലെ ശരിയും തെറ്റും വിലയിരുത്തി പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം, പരസ്പര വിട്ടുവീഴ്ചകളിലൂടെയുള്ള സമ്പൂര്‍ണ ലയനമാണ് ഇപ്പോള്‍ ഉണ്ടാകേണ്ടതെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

വിവിധ സംഘടനകള്‍ ശക്തിയാര്‍ജിക്കുന്നതും മതനിരാസവാദികള്‍ രംഗത്തുവരുന്നതുമായ ഈ പ്രത്യേക സാഹചര്യത്തില്‍ സുന്നികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഈ ലയനശ്രമങ്ങള്‍ക്കിടയിലും, പഴയ പണ്ഡിതന്മാരുടെ തീരുമാനങ്ങളെ ബാഹ്യശക്തികളുടെ ഇടപെടല്‍ എന്ന് വിളിച്ച് ന്യായീകരിക്കുന്ന വാദത്തോട് ഒരുകാലത്തും യോജിക്കാന്‍ കഴിയില്ല.

സമസ്തയെ സംരക്ഷിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും പാണക്കാട് കുടുംബം എക്കാലത്തും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അന്നും ഇന്നും പാണക്കാട് കുടുംബം സമസ്തയുടെ കൂടെത്തന്നെയാണ്. സമസ്തയ്ക്ക് ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഘടകമാണ് പാണക്കാട് കുടുംബമെന്നത് സമസ്ത നേതൃത്വവും പാണക്കാട് കുടുംബവും ഒരുപോലെ വ്യക്തമാക്കിയ കാര്യമാണെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു.

 

Content highlight: No compromise on criticizing past scholars: Nasser Faizi Koodathayi

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.