ന്യൂദല്‍ഹി: കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാലല്ലാതെ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സാമ്പത്തിക അവകാശങ്ങള്‍ ലഭിക്കില്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളം എല്ലാ നിലയിലും സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണെന്നും മോദി നല്‍കുന്നതല്ലാതെ കേരളത്തില്‍ എന്താണുള്ളതെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു.
മോദി നല്‍കുന്നതല്ലാതെ കേരളത്തില്‍ എന്ത് വികസനപ്രവര്‍ത്തനമാണെന്ന് നടക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തിന്റെ സമയത്ത് പ്രധാനമന്ത്രിയും അമിത് ഷായും നേരിട്ട് ഇടപെട്ടതിന്റെ ഭാഗമായിട്ടാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളടക്കം സാധ്യമായത് കേന്ദ്രത്തിന്റെ സഹായത്താലാണെന്നും പണം നല്‍കുന്നതിനപ്പുറം നല്‍കിയിട്ടുള്ള സഹായങ്ങളാണ് വയനാട്ടില്‍ കേന്ദ്രം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ സേവനങ്ങള്‍ക്ക് ബില്ല് നല്‍കിയതില്‍ എന്താണ് തെറ്റെന്നും സൈന്യത്തിന്റെ പണം രാജ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. സേവനത്തിന് പണം ചോദിച്ച സൈന്യത്തെ അപമാനിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം ലോണ്‍ നല്‍കിയില്ലെങ്കില്‍ ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളമെങ്കില്‍ അത് ധനകാര്യ കമ്മീഷനെ അറിയിക്കണമെന്നും അതിനനുസരിച്ചാണ് കേന്ദ്രം സഹായം നല്‍കുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
കേരളത്തിലേക്കുള്ള റേഷന്‍ മുഴുവന്‍ നല്‍കുന്നത് കേന്ദ്രമാണെന്നും കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. വിഴിഞ്ഞവും ദേശീയ പാത 66ഉമെല്ലാം കേന്ദ്രത്തിന്റെ സഹായം കൊണ്ട് മാത്രമാണ് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
എന്തെല്ലാം പ്രതിഷേധങ്ങളുണ്ടായാലും കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാലല്ലാതെ കേന്ദ്രത്തില്‍ നിന്നുള്ള കൂടുതല്‍ സാമ്പത്തിക അവകാശങ്ങള്‍ ലഭിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്‍മാറില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിപ്പ് ധനകാര്യ കമ്മീഷനില്‍ സംസ്ഥാനം ബാര്‍ഗെയ്ന്‍ ചെയ്യുകയാണെങ്കില്‍ താനും അതിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച യൂണിയന്‍ ബഡ്ജറ്റില്‍ കേരളത്തെ അവഗണിച്ചതിന് പിന്നാലെ നല്‍കിയ പ്രതികരണത്തിലായിരുന്നു ജോര്‍ജ് കുര്യന്‍ കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. ഈ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇപ്പോള്‍ ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയിരിക്കുന്നത്.
content highlights: No change in position; Kerala is broken, what is there in Kerala except what Modi gives: George Kurian