വാഷിങ്ടണ്‍: ഇറാനെതിരായി ഇസ്രഈലുമായി ചേര്‍ന്ന് നടത്തുന്ന ആക്രമണം അനന്തമായി നീളുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ വെടിനിര്‍ത്തലിന് തയ്യാറല്ലെന്നും ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ചര്‍ച്ച നടത്താം, പക്ഷെ ഒരു വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ മറുവശത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുമ്പോള്‍ ഒരു വെടിനിര്‍ത്തലിന് നിങ്ങള്‍ തയ്യാറാകരുത്. ഞങ്ങളും അത് ആഗ്രഹിക്കുന്നില്ല’, വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

ട്രംപ് പറയുമ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രഈല്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ തോന്നുന്നുവെന്ന് ട്രംപ് പറഞ്ഞു.

ഇസ്രഈലുമായുള്ള ബന്ധം വളരെ നല്ലതാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സമാനമായ കുറേകാര്യങ്ങളുണ്ടെന്നും ട്രംപ് വാദിച്ചു.

‘ഞങ്ങള്‍ക്ക് വേണ്ടത് വിജയമാണ്. ഞങ്ങള്‍ ഇരുകൂട്ടര്‍ക്കും അതാണ് വേണ്ടത്. അത് ഞങ്ങളുടെ കയ്യിലുണ്ട്’, ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ യു.എസിന് ധാരാളം സഹായം വേണം. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇടപെട്ടാല്‍ അത് നന്നായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

കടലിടുക്ക് വീണ്ടും തുറക്കുന്നതിന് സൈനികനീക്കം ആവശ്യമാണ്. നാറ്റോയ്ക്ക് ഇതുവരെ സഹായിക്കാനുള്ള ധൈര്യം ലഭിച്ചിട്ടില്ല, അവര്‍ ഭീരുക്കളാണെന്നും ട്രംപ് പ്രതികരിച്ചു.

അതേസമയം, ഇറാനെതിരെ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് പുറത്തുവിട്ടു. യു.എസ് മറൈനുകള്‍ പശ്ചിമേഷ്യയിലേക്ക് തിരിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ഖാര്‍ഗ് ദ്വീപ് സൈനിക നടപടിക്കായി യു.എസ് ലക്ഷ്യമിടുന്നതായാണ് സൂചനകള്‍. ട്രപ് വിചാരിച്ചാല്‍ ഈ സുപ്രധാന എണ്ണ കേന്ദ്രം തകര്‍ക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

എന്നാല്‍ യു.എസ് സൈനികരെ ഇറാനിലേക്ക് അയയ്ക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: No ceasefire; Israel will end war when we say so: Trump