'അദ്ദേഹം ബാഗേജ് കൊണ്ടുനടക്കാറില്ല, സ്യൂട്ട്‌കെയ്‌സുകള്‍ മാത്രമേ ഉള്ളൂ'; സൂര്യകുമാറിനെ ട്രോളി രോഹിത് ശര്‍മ
Cricket
'അദ്ദേഹം ബാഗേജ് കൊണ്ടുനടക്കാറില്ല, സ്യൂട്ട്‌കെയ്‌സുകള്‍ മാത്രമേ ഉള്ളൂ'; സൂര്യകുമാറിനെ ട്രോളി രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th November 2022, 6:36 pm

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയതൊഴിച്ചാല്‍ ടീം ഇന്ത്യക്ക് തങ്ങളുടെ അപരാജിത കുതിപ്പ് നിലനിര്‍ത്താനായി. അതില്‍ തന്നെ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

താരം തന്റെ കഴിവും മികവും കൊണ്ട് ഇതിനകം തന്നെ നമ്പര്‍ വണ്‍ ടി-20 ബാറ്ററെന്ന ഖ്യാതി നേടിക്കഴിഞ്ഞു. ഒരു കലണ്ടര്‍ വര്‍ഷം 1000 ടി-20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സകൈ സ്വന്തമാക്കി.

മെല്‍ബണിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ നിന്ന് 225 റണ്‍സാണ് താരം നേടിയത്. നിരവധിയാരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഇപ്പോള്‍ സൂര്യകുമാര്‍ യാദവിനെ കുറിച്ചുള്ള തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

താരത്തെ ട്രോളിക്കൊണ്ട് വളരെ രസകരമായാണ് രോഹിത് സംസാരിച്ചത്. സഹതാരത്തെ പ്രശംസിക്കുമ്പോള്‍ ക്യാപ്റ്റന്‍ വാചാലനാവുകയായിരുന്നു.

”സൂര്യകുമാര്‍ സ്‌ട്രെസ് തലയിലേറ്റി നടക്കാത്തയാളാണ്. അതായിരിക്കാം അദ്ദേഹത്തിനിങ്ങനെ ഫ്രീയായും ഭയമില്ലാതെയും കളിക്കാന്‍ സാധിക്കുന്നത്, അവന്‍ അങ്ങനെയൊരു പ്രകൃതക്കാരനാണ്.

ഞങ്ങള്‍ തമാശക്ക് പറയാറുണ്ട്, സൂര്യ ബാഗേജുകളൊന്നും കൊണ്ടുനടക്കാത്ത ആളാണെന്നും കുറെ സ്യൂട്ട്‌കേസുകളാണുള്ളതെന്നും. കാരണം അവന് ഷോപ്പിങ് ഒത്തിരി ഇഷ്ടമാണ്.

അധിക പ്രഷര്‍ എടുക്കേണ്ടി വരുമ്പോള്‍ അവനതും വെച്ചോണ്ടിരിക്കാറില്ല. അതവന്റെ കളിയില്‍ നിന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാകും. കഴിഞ്ഞ ഒരു വര്‍ഷമായിട്ട് അവന്‍ അങ്ങനെ തന്നെയാണ് കളിക്കുന്നത്,’ രോഹിത് ശര്‍മ പറഞ്ഞു.

അതേസമയം നവംബര്‍ 10നാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലൊരു ഏറ്റുമുട്ടലുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Content Highlights: No Baggage But a Lot Of Suitcases,Rohit Sharma’s Hilarious Comment On Suryakumar Yadav