ഗാബിയും ഫിര്‍മിനോയുമൊക്കെ അവിടെ നില്‍ക്കട്ടെ, ഞാനായിരുന്നെങ്കില്‍ സ്‌ക്വാഡില്‍ അവനെ കൊണ്ടുവന്നേനെ: റൊണാള്‍ഡോ
Football
ഗാബിയും ഫിര്‍മിനോയുമൊക്കെ അവിടെ നില്‍ക്കട്ടെ, ഞാനായിരുന്നെങ്കില്‍ സ്‌ക്വാഡില്‍ അവനെ കൊണ്ടുവന്നേനെ: റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th November 2022, 1:29 pm

ഖത്തര്‍ ലോകകപ്പില്‍ ഏത് ടീമിനും വെല്ലുവിളിയാകുന്ന തരത്തിലാണ് ടിറ്റെ ബ്രസീലിന്റെ പടയൊരുക്കിയിരിക്കുന്നത്. അറ്റാക്ക് ചെയ്ത് കളിക്കാന്‍ തന്നെയാണ് ഇത്തവണ ടീമിന്റെ തീരുമാനമെന്നാണ് സ്‌ക്വാഡ് പ്രഖ്യാപനത്തില്‍ നിന്നും മനസിലാകുന്നത്.

സൂപ്പര്‍ താരങ്ങളായ തിയാഗോ സില്‍വ, കാസിമെറോ, നെയ്മര്‍ തുടങ്ങിയ കരുത്തര്‍ അടങ്ങുന്നതാണ് ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുടെ പട.

എന്നാല്‍ ഗാബി ഗോളിനെയും ഫിര്‍മിനോയെയും ടിറ്റെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് വലിയ വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നുയര്‍ന്നത്. ഇതിനെതിരെ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ.

ഇവരൊന്നുമല്ല, കൗമാര താരം എന്‍ഡ്രിക്കിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

”ഞാനായിരുന്നെങ്കില്‍ തീര്‍ച്ചയായും എന്‍ഡ്രിക്കിനെ തെരഞ്ഞെടുക്കുമായിരുന്നു. അത് അവനും ഭാവിയില്‍ ബ്രസീലിനും മികച്ച അനുഭവമായി മാറിയേനെ. ശോഭനീയമായ ഭാവിയുള്ള താരമാണ് എന്‍ഡ്രിക്ക്. ഇപ്പോള്‍ തന്നെ പ്രൊഫഷണലാണ്,’ നസാരിയോ പറഞ്ഞു.

പാല്‍മിറാസിന്റെ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച എന്‍ഡ്രിക് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ബ്രസീലിന്റെ അണ്ടര്‍ 17 ടീമിന് വേണ്ടി ആകെ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

പരിചയ സമ്പന്നരായ താരങ്ങളുടെ വമ്പന്‍ നിരതന്നെയാണ് കാനറികള്‍ക്കൊപ്പമുള്ളത്. റയല്‍ മാഡ്രിഡ് സൂപ്പര്‍ ഡുവോ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ബ്രസീലിനൊപ്പം ഖത്തറിലേക്കെത്തും. പുതിയ ക്ലബ്ബില്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ലെങ്കിലും ബാഴ്‌സ താരം റാഫീന്യയും ടീമിനൊപ്പം ചേരും.

ആഴ്‌സണല്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ടീമില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു ചില കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ ഈ ആശങ്ക അകന്നു. സീസണില്‍ അഞ്ച് ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ മാര്‍ട്ടിനെല്ലി പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

ഡിഫന്‍സിനെ നയിക്കുന്ന തിയാഗോ സില്‍വക്കൊപ്പം മാര്‍ക്വിന്യോസും ഡാനി അല്‍വസും അലക്‌സ് സാന്‍ഡ്രോയും പ്രതിരോധത്തിന്റെ കോട്ടമതില്‍ തീര്‍ക്കും.

സാംബാ താളത്തിന്റെ കരുത്തുമായി മധ്യനിരയെ നയിക്കുന്നത് കാസെമിറോ തന്നെയായിരിക്കും. മുന്നേറ്റ നിരയില്‍ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ നിര തന്നെയുണ്ടെങ്കിലും പ്രതീക്ഷയുടെ ഭാരം മുഴുവന്‍ നെയ്മറിന്റെ ചുമലില്‍ തന്നെയായിരിക്കും.

ഗോള്‍വലക്ക് മുമ്പില്‍ വെവര്‍ട്ടണേയും എഡേഴ്‌സണേയും അലിസണ്‍ ബെക്കറിനെയുമാകും എതിരാളികള്‍ക്ക് നേരിടാനുള്ളത്. 2002ല്‍ തങ്ങളുടെ അവസാന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ബ്രസീല്‍, 20 വര്‍ഷത്തിന് ശേഷം വിശ്വകിരീടം സ്വന്തമാക്കാന്‍ സജ്ജരായാണ് ഖത്തറിലെത്തുക.

Content Highlights: Ronaldo Nazario Names young player Endrick, He Would Have Selected for Brazil’s 2022 FIFA World Cup Squad