ഹിന്ദു മഹാസഭയുടെ പേരില്‍ ചിലര്‍ പിന്തുണ പ്രഖ്യാപിച്ചത് എം. സ്വരാജിനുള്ള പണിയാണെന്നും സ്വാമി ഭദ്രാനന്ദ
നിലമ്പൂര്‍: ശബരിമല വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയാത്ത നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് പിന്തുണ നല്‍കില്ലെന്ന് ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷന്‍ സ്വാമി ഭദ്രാനന്ദ. ഹിന്ദു മഹാസഭയുടെ പേരില്‍ ചിലര്‍ പിന്തുണ പ്രഖ്യാപിച്ചത് എം. സ്വരാജിനുള്ള പണിയാണെന്നും സ്വാമി ഭദ്രാനന്ദ പറഞ്ഞു.
സ്വരാജിനുള്ള പിന്തുണ മുസ്‌ലിം വോട്ട് ലഭിക്കാതിരിക്കാനുള്ള ശ്രമമാകാമെന്നും ട്രെന്‍ഡ് അനുസരിച്ച് ജനങ്ങള്‍ക്ക് താത്പര്യം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിനാണെന്നും സ്വാമി ഭദ്രാനന്ദ പ്രതികരിച്ചു. മുന്‍ നിലമ്പൂര്‍ എം.എല്‍.എയും ഷൗക്കത്തിന്റെ പിതാവുമായ ആര്യാടന്‍ ഷൗക്കത്തിനെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും പ്രകീര്‍ത്തിച്ചും സ്വാമി ഭദ്രാനന്ദ സംസാരിച്ചു.
കേരളത്തിലെ ബി.ജെ.പി ‘ബിസിനസ് ജനത പാര്‍ട്ടി’ എന്ന രീതിയിലായി മാറിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ചുകൊണ്ട് സ്വാമി ഭദ്രാനന്ദ പറഞ്ഞു.
ഇന്നലെ (ചൊവ്വ) എം. സ്വരാജിന് പിന്തുണ അറിയിച്ചുകൊണ്ട് അഖില ഭാരത ഹിന്ദു മഹാസഭ രംഗത്തെത്തിയിരുന്നു. ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്വരാജിന് പിന്തുണ അറിയിച്ചത്. എല്‍.ഡി.എഫിന്റ വിജയം കാലഘട്ടത്തിന് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്.
വര്‍ഗീയ ലഹളകള്‍ ഇല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും മതേതര രാജ്യമായ ഇന്ത്യയില്‍ മതേതരകക്ഷികള്‍ തന്നെ അധികാരത്തില്‍ വരണമെന്നും സ്വാമി ദത്താത്രേയ പറഞ്ഞിരുന്നു. ഹിന്ദു മഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശന്‍ വള്ളിക്കുന്ന്, സംസ്ഥാന വൈസ് പ്രസിഡന്റ് സുനില്‍ കെ.എസ്. ചേര്‍ത്തല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചുവെന്ന് പറയുന്ന സന്ന്യാസി ആരാണെന്നും അത്തരത്തില്‍ ഒരു സ്വാമിയും തന്നെ സമീപിച്ചിട്ടില്ലെന്നുമാണ് സി.പി.ഐ.എം സംസ്ഥാന അധ്യക്ഷന്‍ എം.വി. ഗോവിന്ദന്‍ റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ചത്.
ജമാഅത്തെ ഇസ്‌ലാമിയുടെ പേര് യു.ഡി.ഫ് മുന്നണിയുടെ ഭാഗമായി വന്നപ്പോള്‍ പ്രതിരോധിക്കാന്‍ വേണ്ടി ഹിന്ദു മഹാസഭയുടെ പേര് എല്‍.ഡി.എഫുമായി ബന്ധപ്പെടുത്തുകയാണെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.
വിഷയത്തില്‍ ഹിന്ദു മഹാസഭ ഇപ്പോള്‍ ഉണ്ടോയെന്ന് പോലും അറിയില്ലെന്നും ഇല്ലാത്ത സംഘടനയുടെ പിന്തുണയെ കുറിച്ച് മറുപടി പറയുന്നത് അപ്രസക്തമാണെന്നും എല്‍.ഡി.എഫ് നേതാവ് എ. വിജയരാഘവനും പ്രതികരിച്ചിരുന്നു.
Content Highlight: No apology for Sabarimala remark; Hindu Mahasabha will not support M. Swaraj: Swami Bhadranand