പൗരത്വ നിയമത്തിനെതിരായ റാലിയില്‍ പ്രതിഷേധക്കാര്‍ 'പാക്കിസ്ഥാന്‍ സിന്ദാബാദ്' മുഴക്കിയെന്ന ബി.ജെ.പി വാദം പൊളിഞ്ഞു; തെളിവുകള്‍ പുറത്ത്- വീഡിയോ
Fact Check
പൗരത്വ നിയമത്തിനെതിരായ റാലിയില്‍ പ്രതിഷേധക്കാര്‍ 'പാക്കിസ്ഥാന്‍ സിന്ദാബാദ്' മുഴക്കിയെന്ന ബി.ജെ.പി വാദം പൊളിഞ്ഞു; തെളിവുകള്‍ പുറത്ത്- വീഡിയോ
ന്യൂസ് ഡെസ്‌ക്
Sunday, 29th December 2019, 8:41 am

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തവര്‍ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്ന പൊലീസിന്റെയും ബി.ജെ.പിയുടെ വാദങ്ങള്‍ പൊളിയുന്നു. ബി.ജെ.പി സാമൂഹ്യ മാധ്യമ സെല്‍ തലവനായ അമിത് മാളവ്യയാണ് ഇന്നലെ ഇക്കാര്യം ആരോപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഇതിനെ പൊളിച്ചുകൊണ്ടാണ് ‘ആള്‍ട്ട് ന്യൂസ്‘ വസ്തുത പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

വീഡിയോ അടക്കം ഇട്ടായിരുന്നു മാളവ്യയുടെ ട്വീറ്റ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്ന മീററ്റ് എസ്.പി അഖിലേഷ് നാരായണ്‍ സിങ്ങിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്നായിരുന്നു പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നുവെന്ന പേരില്‍ മറ്റൊരു വീഡിയോ പ്രചരിച്ചത്.

ചിലര്‍ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചിരുന്നുവെന്നും അവര്‍ക്കുള്ള മറുപടിയായാണ് പാക്കിസ്ഥാനിലേക്കു പോകാന്‍ പറഞ്ഞതെന്നും എസ്.പി ന്യായീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹരിയാന ബി.ജെ.പിയുടെ ഐ.ടി സെല്‍ തലവന്‍ അരുണ്‍ യാദവും അതിനുശേഷം മാളവ്യയും ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ വിളിച്ചുകൊണ്ടാണു പ്രതിഷേധക്കാര്‍ എത്തിയതെന്നു സ്ഥാപിച്ചുകൊണ്ട് ‘സീ ന്യൂസും‘ വാര്‍ത്ത നല്‍കി. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയുടെ കൊടിയും അതിലുണ്ടായിരുന്നതായി സീ ന്യൂസ് ദൃശ്യങ്ങളില്‍ എടുത്തു കാണിച്ചു. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയും അങ്ങനെ തന്നെ റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ 13-ന് ലഖ്‌നൗവില്‍ എ.ഐ.എം.ഐ.എം നടത്തിയ റാലിയെക്കുറിച്ചായിരുന്നു ഈ ആരോപണങ്ങളൊക്കെയും. എന്നാല്‍ ആള്‍ട്ട് ന്യൂസ് നടത്തിയ വസ്തുതാ പരിശോധനയില്‍ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്നല്ല പ്രതിഷേധക്കാര്‍ വിളിക്കുന്നതെന്നും ‘കാഷിഫ് സാബ് സിന്ദാബാദ്’ ആണെന്നും വ്യക്തമായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതു വ്യക്തമാക്കുന്നതിനായി ആള്‍ട്ട് ന്യൂസിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്തയ്‌ക്കൊപ്പം വേഗത കുറഞ്ഞ വീഡിയോ ദൃശ്യങ്ങളും ചേര്‍ത്തിട്ടുണ്ട്. വായനക്കാര്‍ക്ക് ഇയര്‍ഫോണുകള്‍ ഉപയോഗിച്ചാല്‍ ഇതു കൃത്യമായി കേള്‍ക്കാമെന്നും അവര്‍ പറയുന്നു.

മുദ്രാവാക്യത്തില്‍ പറയുന്ന കാഷിഫ് സാബ് അഥവാ കാഷിഫ് അഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ ലഖ്‌നൗ അധ്യക്ഷനാണ്.

പ്രതിഷേധത്തിനിടെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ ഇവയാണ്: അക്ബര്‍ ഉവൈസി സിന്ദാബാദ്, കാഷിഫ് സാബ് സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്. കാഷിഫ് അഹമ്മദാണ് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് വിളിച്ചു കൊടുക്കുന്നതെന്നും വീഡിയോയില്‍ വ്യക്തമാണ്.

ഡിസംബര്‍ 13-നു നടന്ന പ്രതിഷേധത്തെ നയിച്ചത് കാഷിഫ് അഹമ്മദാണെന്ന് എ.ഐ.എം.ഐ.എം ഉത്തര്‍പ്രദേശ് പ്രസിഡന്റ് ഹാജി ഷൗക്കത്ത് അലി ആള്‍ട്ട് ന്യൂസിനോടു സ്ഥിരീകരിച്ചിട്ടുമുണ്ട്.

ലഖ്‌നൗവിലെ ക്ലോക്ക് ടവര്‍ മുതല്‍ ടീലെ വാലി മസ്ജിദ് വരെയായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കെതിരെയും എ.ഐ.എം.ഐ.എം ഡിസംബര്‍ 13-നു പ്രതിഷേധ റാലി നടത്തിയത്.

തുടര്‍ന്ന് ഇതില്‍ രണ്ടു പ്രതിഷേധക്കാര്‍ക്കെതിരെ ഇന്ത്യാ-വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് കേസെടുത്തതായി ഡിസംബര്‍ 15-ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അനുമതി വാങ്ങാതെയാണ് ക്ലോക്ക് ടവറിനു സമീപം പ്രതിഷേധക്കാര്‍ ഒന്നിച്ചുകൂടിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

എന്നാല്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുന്നതല്ലെന്ന പൊലീസിന്റെ സ്ഥിരീകരണവുമായി ബന്ധപ്പെട്ട വാര്‍ത്ത ഡിസംബര്‍ 18-ന് ഇന്ത്യന്‍ എക്‌സ്പ്രസ്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

NB: കവര്‍ ചിത്രത്തില്‍ നടുവില്‍ നില്‍ക്കുന്ന വെള്ള വസ്ത്രം ധരിച്ച വ്യക്തിയാണ് കാഷിഫ് അഹമ്മദ്.