ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ പേരില്‍ തങ്ങളുടെ നിലപാട് മാറ്റില്ലെന്ന് തമിഴക വെട്രി കഴകം(ടി.വി.കെ). തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.വി.കെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആരുമായും സഖ്യത്തിനില്ലെന്നും ടി.വി.കെ ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ടി.ആര്‍ നിര്‍മല്‍ കുമാര്‍ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിന്റെ പേരില്‍ സഖ്യത്തെ സംബന്ധിച്ച നിലപാട് മാറ്റില്ലെന്ന് നിര്‍മല്‍ കുമാര്‍ വിശദീകരിച്ചു.
ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനായി ടി.വി.കെ പാര്‍ട്ടി എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍, ഇതിനെ തള്ളിക്കളയുന്ന നിലപാടാണ് പാര്‍ട്ടി ജോയിന്റ് ജനറല്‍ സെക്രട്ടറി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ അഭ്യൂഹങ്ങള്‍ക്കും അറുതിയായിരിക്കുകയാണ്.
‘ഞങ്ങളുടെ നിലപാടില്‍ മാറ്റമൊന്നുമില്ല. പലരും ഊഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അക്കാര്യം ഇപ്പോള്‍ ചോദിക്കുന്നത് അന്യായമാണ്. ഒരു മാസം മുമ്പ് പാര്‍ട്ടിയുടെ നിലപാടെന്തായിരുന്നോ അത് തന്നെയാണ് ഇപ്പോഴും ഉള്ളത്. ഒകു മാറ്റവുമില്ല. ഒറ്റയ്ക്ക് ഞങ്ങള്‍ മത്സരിക്കും’, നിര്‍മല്‍ കുമാര്‍ വിശദീകരിച്ചു.
ബുധനാഴ്ച നടന്ന ടി.വി.കെ 28 അംഗ ഏകോപന സമിതിയുടെ ആദ്യ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നിര്‍മല്‍ കുമാര്‍. കരൂര്‍ അപകടത്തിന് ശേഷം ആദ്യമായാണ് പാര്‍ട്ടി നേതൃയോഗം സംഘടിപ്പിച്ചത്.
വിജയ്‌യുടെ പ്രചാരണ പരിപാടികള്‍ പുനരാരംഭിക്കുന്നതായിരുന്നു യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. ജനജീവിതത്തെ ബാധിക്കാത്ത രീതിയില്‍ വിജയ് യുടെ തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ ഉയര്‍ന്നു.
വിജയ്‌യുടെ പ്രചാരണ യോഗങ്ങള്‍ ജനങ്ങള്‍ക്ക് ഒരു തടസമാകില്ലെന്ന് ഉറപ്പാക്കും. കൂടുതല്‍ ആളുകൡലക്ക് എത്തുന്ന രീതിയില്‍ അക്കാര്യം ആസൂത്രണം ചെയ്യുകയാണെന്നും നിര്‍മല്‍ കുമാര്‍ അറിയിച്ചു.
നവംബര്‍ അഞ്ചിന് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേരുമെന്ന് നടനും പാര്‍ട്ടി സ്ഥാപകനുമായ വിജയ് അറിയിച്ചിരുന്നു.
എ.ഐ.എ.ഡി.എം.കെ റാലികളില്‍ ടി.വി.കെ പതാകകള്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. ഇരുപാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെടുമെന്നായിരുന്നു ഇതോടെ കരുതപ്പെട്ടിരുന്നത്.
ഡി.എം.കെയെ പരാജയപ്പെടുത്താന്‍ ടി.വി.കെ മുന്നോട്ട് വരണമെന്നും സഖ്യത്തില് ചേരണമെന്നും എ.ഐ.എ.ഡി.എം.കെ തുടര്‍ച്ചയായി ആവശ്യമുന്നയിച്ചിരുന്നു.
അതേസമയം, സെപ്റ്റംബര്‍ 27ന് നടന്ന കരൂര്‍ ദുരന്തത്തിന് തൊട്ടുമുന്‍പ് വരെ എ.ഐ.എ.ഡി.എംകെയെയും ബി.ജെ.പിയെയും വിമര്‍ശിച്ചിരുന്നു.
അന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി താന്‍ തന്നെ മത്സരിക്കുമെന്നും പാര്‍ട്ടി ആരുമായും സഖ്യമുണ്ടാക്കില്ലെന്നും വിജയ് വിശദീകരിച്ചിരുന്നു.
കരൂര്‍ ദുരന്തത്തിന് ശേഷം പൊതുജനമധ്യത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന വിജയ് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയാണ് കുടുംബങ്ങളെ കണ്ടത്.
Content Highlight: No alliance with AIADMK; contest alone: TVK will not change its stand Says Party Leader