എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
Daily News
എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th December 2014, 8:09 am

balakrishnan1ചലച്ചിത്ര നടനും നിശ്ചല ഛായാഗ്രാഹകനുമായിരുന്ന എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

പ്രമേഹം ബാധിച്ച് ഇരുകാലുകളും ശസ്ത്രക്രിയ ചെയ്ത നിലയിലായിരുന്നു. അര്‍ബുദവും ഹൃദ്രോഗവും ന്യൂറോ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

സിനിമയില്‍ നിശ്ചയ ഛായാഗ്രാഹകനായാണ് അദ്ദേഹം കരിയര്‍ തുടങ്ങിയത്. പിന്നീട് ഹാസ്യവേഷങ്ങളിലൂടെ അഭിനേതാവ് എന്ന നിലയിലും ശ്രദ്ധനേടി. 300 ഓളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടൂര്‍, ജി. അരവിന്ദന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, ഭരതന്‍, കെ.ജി ജോര്‍ജ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കള്ളിച്ചെല്ലമ്മയില്‍ തുടങ്ങിയ ഫോട്ടോഗ്രാഫി ജീവിതത്തിന് കൊടിയേറ്റം, എലിപ്പത്തായം, അഭയം, പൂജയ്‌ക്കെടുക്കാത്ത പൂക്കല്‍, സ്ഫടികം, ഗാന്ധര്‍വ്വം, പവിത്രം, കളിപ്പാട്ടം, അയിത്തം, പാദമുദ്ര, സ്വയംവരം, ചിദംബരം, കാഞ്ചനസീത തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഫോട്ടോകള്‍ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്.

രാജീവ് അഞ്ചലിന്റെ “അമ്മാനംകിളി”യെന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. “ര്‍ക്കാപ്പുറത്ത്”, “ജോക്കര്‍”, “കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍”, “പട്ടണപ്രവേശം”, “മൂക്കില്ലാരാജ്യത്ത”്, “വര്‍ണ്ണം”, “സാന്ദ്രം” തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായി. “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

നാരായണന്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍.എല്‍ ബാലകൃഷ്ണന്‍ 1943ന് തിരുവനന്തപുരം പൗഡിക്കോണത്താണ് ജനിച്ചത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് പെയ്ന്റിംഗില്‍ ഡിപ്ലോമ നേടി. കേരള കൗമുദിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്നു.

2012ല്‍ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രപ്രതിഭാ അവാര്‍ഡും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.