അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ‘സർവ്വം മായ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ്. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രം പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ ചില പരാജയങ്ങൾക്ക് ശേഷം നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവെന്ന നിലയിലാണ് ആരാധകർ ഈ ചിത്രത്തെ സ്വീകരിച്ചത്.
നിവിൻ–അജു കോമ്പോയും, പൂക്കി യക്ഷിയായി എത്തിയ ഡെലൂലുവിന്റെ കഥാപാത്രവും പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു. ഡെലൂലുവിനെ കാണുമ്പോൾ പ്രഭ പേടിക്കുന്ന രംഗവും മനുഷ്യരെ കാണുമ്പോൾ പേടിക്കുന്ന ഡെലൂലുവും സിനിമയെ കൂടുതൽ ആകർഷകമാക്കുന്നു.
ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ നിരവധി രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ആഘോഷമാകുന്നത്. പ്രത്യേകിച്ച് പഴയ നിവിൻ പോളിയുടെ നിഷ്കളങ്ക ഹ്യൂമറും ടൈമിംഗ് കോമഡിയും തിരികെ എത്തിയെന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്. നിവിൻ കൈകാര്യം ചെയ്ത ഓരോ ചെറു രംഗങ്ങൾ പോലും പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ കൈയടി നേടിയ ഡയലോഗാണ് ‘സാധിയാ… ബണ്ണും ചാറും കഴിക്കിന്നില്ലേ?’ എന്നത്.
സാധിയ എന്ന കഥാപാത്രം തകർന്നുനിൽക്കുന്ന ഒരു സീരിയസ് ടൈമിൽ പറയുന്ന ഡയലോഗാണെങ്കിലും, നിവിൻ പോളിയുടെ ഡയലോഗ് ഡെലിവറിയും നിഷ്കളങ്കമായ മുഖഭാവവും ആ രംഗത്തെ പൂർണ്ണമായും കോമഡി തലത്തിലേക്ക് മാറ്റുകയായിരുന്നു. അതാണ് ആ സീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളിലൊന്നായി മാറാൻ കാരണം.
അതുപോലെ തന്നെ വീട്ടിലേക്ക് വരുന്ന അതിഥികളോടുള്ള സംഭാഷണരംഗവും പ്രേക്ഷകർക്ക് പൊട്ടിച്ചിരി സമ്മാനിച്ചു.
സർവ്വം മായ, Photo: JioHotstar/ Screengrab
കുട്ടി ‘ചേട്ടന് മനസ്സിലായല്ലോ അല്ലേ?’ എന്ന് ചോദിക്കുമ്പോൾ, പ്രഭ ‘പിന്നെ… മോളെ ചെറുപ്പത്തിൽ കണ്ടതാ, വളർന്നല്ലോ…’ എന്ന് പറയുന്നതും,
ഇത് കേട്ട് കൂടെയുള്ള സ്ത്രീ ‘അയ്യോ, ഇവൾ അപ്പുറത്തെ വീട്ടിലെയാ… ഞങ്ങൾ ഇവിടേക്കാണ് വന്നത്എന്നറിഞ്ഞപ്പോൾ ഈ മന കാണാൻ കൂടെ വന്നതാ,’ എന്ന് വിശദീകരിക്കുന്നതും, പിന്നീട് ‘ഇത് എന്റെ ബ്രദർ ആണ്, എന്റെ ഹസ്ബൻഡ് ഖത്തറിലാണ്’ എന്ന മറുപടി കേട്ട് വീണ്ടും ചമ്മി നിൽക്കുന്ന പ്രഭയും ഈ മുഴുവൻ സീക്വൻസും തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ചിരിയുണർത്തിയ രംഗങ്ങളായിരുന്നു.
കൂടാതെ മായയുടെ കല്ലറ തേടിയുള്ള യാത്രയിൽ ഉണ്ടാകുന്ന നർമ്മ നിമിഷങ്ങളും, ആ സമയങ്ങളിലെ നിവിൻ പോളിയുടെ ചിരിയും എക്സ്പ്രഷനുകളും പ്രേക്ഷകരെ കൂടുതൽ ആകർഷിച്ചു. ഇത്തരം ഹ്യൂമർ രംഗങ്ങളും സ്പോട്ട് കോമഡിയും തന്നെയാണ് സർവ്വം മായയെ യെ കൂടുതൽ എന്റർടൈനിങ് ആക്കുന്നതും, ‘പണ്ടത്തെ നിവിനിനെ തിരികെ കിട്ടി’ എന്ന് പ്രേക്ഷകർ പറയാനുള്ള പ്രധാന കാരണവും അത് തന്നെ.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.