മലയാളത്തില്‍ പലപ്പോഴും ചര്‍ച്ചയാകാറുള്ള ഒന്നാണ് ക്ലാഷ് റിലീസ്. സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള ക്ലാഷും യുവ താരങ്ങള്‍ തമ്മിലുള്ള ക്ലാഷുമെല്ലാം സിനിമാപ്രേമികള്‍ ചര്‍ച്ചയാക്കാറുണ്ട്. അതോടൊപ്പം സൂപ്പര്‍ താരങ്ങളും തമ്മിലുണ്ടാകുന്ന ക്ലാഷ് റിലീസും ചര്‍ച്ചാവിഷയമായി മാറുന്നുണ്ട്. അത്തരത്തിലൊരു ക്ലാഷിന്റെ ചരിത്രമാണ് സിനിമാപേജുകളിലെ പ്രധാന വിഷയം.
വൃഷഭ, സര്‍വം മായ Photo: Theatrical posters
ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസിന് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെയും യുവതാരം നിവിന്‍ പോളിയുടെയും ചിത്രങ്ങളാണ് ഏറ്റുമുട്ടിയത്. 70 കോടി ബജറ്റിലെത്തിയ മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയും നിവിന്റെ ഫീല്‍ ഗുഡ് എന്റര്‍ടൈനര്‍ സര്‍വം മായയും തമ്മിലുള്ള ക്ലാഷില്‍ ആദ്യദിനം തന്നെ വിജയിയുടെ കാര്യത്തില്‍ തീരുമാനമായി.
വൃഷഭയെ ബഹുദൂരം പിന്തള്ളി സര്‍വം മായയുടെ ആധിപത്യത്തിനാണ് ബോക്‌സ് ഓഫീസില്‍ കളമൊരുങ്ങിയത്. പലയിടത്തും വൃഷഭയുടെ ഷോ ക്യാന്‍സലായപ്പോള്‍ സര്‍വം മായക്ക് 250ലധികം ലേറ്റ് നൈറ്റ് ഷോകള്‍ ചാര്‍ട്ട് ചെയ്തു. ആദ്യദിനം എട്ട് കോടിയിലേറെ സര്‍വം മായ സ്വന്തമാക്കിയപ്പോള്‍ ഒരുകോടി പോലും നേടാനാകാതെ വൃഷഭ വാഷൗട്ടിന്റെ വക്കിലാണ്.
എന്നും എപ്പോഴും, ഒരു വടക്കന്‍ സെല്‍ഫി Phot: IMDB
ഇത് ആദ്യമായല്ല നിവിന്‍ പോളിയും മോഹന്‍ലാലും തമ്മില്‍ ക്ലാഷ് റിലീസ് സംഭവിക്കുന്നത്. 2014 മുതല്‍ നാല് വട്ടം ഇരുവരും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നാല് തവണയും നിവിന്‍ തന്നെയാണ് വിജയി എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഘടകം. ഒരിക്കല്‍ പോലും ഈ ക്ലാഷില്‍ മോഹന്‍ലാലിന് വിജയിക്കാനായിട്ടില്ല.
2014ല്‍ മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് കോമ്പോയിലെത്തിയ എന്നും എപ്പോഴും എന്ന സിനിമയെ നിവിന്‍ പോളി- വിനീത്- പ്രജിത് കൂട്ടുകെട്ടിലൊരുങ്ങിയ ഒരു വടക്കന്‍ സെല്‍ഫി ബോക്‌സ് ഓഫീസില്‍ മുട്ടുകുത്തിച്ചു. രണ്ടാഴ്ചയുടെ വ്യത്യാസത്തിലായിരുന്നു ഈ സിനിമകള്‍ റിലീസ് ചെയ്തത്. വെക്കേഷന്‍ സീസണില്‍ വടക്കന്‍ സെല്‍ഫിയുടെ തേരോട്ടമായിരുന്നു.
വെളിപാടിന്റെ പുസ്തകം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള Photo: Theatrical poster
പിന്നീട് ഇരുവരും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയത് മൂന്ന് വര്‍ഷത്തിന് ശേഷമാണ്. 2017 ഓണം സീസണില്‍ മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകവും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുമായിരുന്നു പ്രധാന ആകര്‍ഷണം. റിലീസിന് മുമ്പുണ്ടായിരുന്ന ഹൈപ്പ് വെളിപാടിന്റെ പുസ്തകത്തിന് മുതലെടുക്കാനായില്ല. ചിത്രം വന്‍ പരാജയമായി. ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയുമായി വന്ന നിവിന്‍ പോളി ഓണം സീസണ്‍ സ്വന്തം പേരിലാക്കി.
രണ്ട് വര്‍ഷത്തിനിപ്പുറം മറ്റൊരു ഓണം സീസണ് ഇരുവരും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വന്നു. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ലവ് ആക്ഷന്‍ ഡ്രാമയുമായി നിവിന്‍ എത്തിയപ്പോള്‍ മോഹന്‍ലാലിന്റെ വരവ് ഇട്ടിമാണിയുമായാണ്. ഓണം സീസണിന്റെ അഡ്വാന്റേജ് കാരണം ഭേദപ്പെട്ട കളക്ഷന്‍ ഇട്ടിമാണി സ്വന്തമാക്കിയെങ്കിലും ആ സീസണിലെ വിജയി ലവ് ആക്ഷന്‍ ഡ്രാമയായിരുന്നു. 50 കോടിയിലേറെ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കി.
ആറ് വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ഇരുവരും ക്ലാഷിനെത്തിയപ്പോഴും കഥയില്‍ മാറ്റമൊന്നുമില്ല. മലയാളത്തില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ സിനിമക്ക് പോസിറ്റീവ് ലഭിച്ചാല്‍ കുടുംബപ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കും. മോഹന്‍ലാലിന് ശേഷം ഈ ജനപ്രീതി സ്വന്തമാക്കാന്‍ സാധിച്ച നടനാണ് നിവിന്‍. ഒരുപാട് കാലമായി കാത്തിരുന്ന നിവിന്റെ കംബാക്ക് ഇതുപോലെ ഗ്രാന്‍ഡായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
Content Highlight: Nivin Pauly won the clash release with Mohanlal for four times continuously