അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. ഫാന്റസി ഹൊറര്‍ കോമഡിയില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25നാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോള്‍ സര്‍വ്വം മായ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നിവിന്‍ പോളി.
‘വലിയ ലോഡില്ലാത്ത ഫീല്‍ ഗുഡായ ഒരു കഥാപാത്രത്തിനായി കാത്തിരിക്കുമ്പോഴാണ് പ്രഭേന്ദു നമ്പൂതിരിയെന്ന കഥാപാത്രം എത്തുന്നത്. തിയേറ്ററില്‍ ചിരിനിറയ്ക്കുന്ന ഹൊറര്‍ ചിത്രമാകും ‘സര്‍വ്വം മായ’.
പ്രേതം വരുന്നതും, അത് വിശ്വസിക്കാന്‍ പാടുപെടുന്നതും പിന്നീട് പ്രേതം എന്റെ കഥാപാത്രത്തിന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളും പ്രേതത്തെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്ന അവസ്ഥകളുമെല്ലാം അഖില്‍ രസകരമായി കഥയുടെ ഒഴുക്കില്‍ അവതരിപ്പിക്കുന്നുണ്ട്,’ നിവിന്‍ പറഞ്ഞു.
സിനിമയില്‍ അവതരിപ്പിച്ചതിനെക്കാള്‍ വലിയ ചിരികളിലൂടെയാണ് ചിത്രീകരണം മുന്നോട്ടുപോയതെന്നും ഈ സിനിമയുടെ ബിഹൈന്റ് ദി സീന്‍ കാണുമ്പോള്‍ (ബി.ടി.എസ്) ചിരിക്കാന്‍ വകയുള്ള അഞ്ചുപത്ത് എപ്പിസോഡെങ്കിലും നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.
ഹൊറര്‍ കോമഡി ലേബലിലാണ് സിനിമ എത്തുന്നതെങ്കിലും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമായിത്തന്നെ അവതരിപ്പിക്കാന്‍ എഴുത്തുകാരന്‍ കൂടിയായ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തികള്‍ തമ്മിലും പ്രേതവുമായിട്ടുമെല്ലാമുള്ള വൈകാരിക രംഗങ്ങള്‍ ശക്തമാണെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ. അജുവര്‍ഗീസും നിവിന്‍ പോളിയും ഒന്നിക്കുന്ന പത്താമത്തെ സിനിമ എന്ന പ്രത്യേകതയും ‘സര്‍വ്വം മായ’ക്കുണ്ട്. അജയ് കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയില്‍ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മഥു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു.
Content Highlight: Nivin Pauly talks about the movie Sarvam Maya and his character