അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് സര്‍വ്വം മായ. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോള്‍ സര്‍വ്വം മായ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി.
മാനസിക പിരിമുറുക്കങ്ങളോ, യാതൊരുവിധ അസ്വസ്ഥതയോ ഇല്ലാതെ കുറച്ചുനാള്‍ ഹാപ്പിയായി കഴിയാമെന്ന് പറഞ്ഞാണ് അഖില്‍ സത്യന്‍ തന്നെ സര്‍വ്വം മായയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചതെന്ന് നിവിന്‍ പറയുന്നു.
ഇങ്ങനെ പറഞ്ഞുകൊണ്ട് ഇതുവരെയാരും തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടില്ലെന്നും നിവിന്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയുടെ എഴുത്തും സംവിധാനവും എഡിറ്റിങ്ങുമെല്ലാം അഖില്‍ തന്നെ കൈകാര്യം ചെയ്യുന്നത് കൊണ്ട്, കാര്യങ്ങള്‍ എങ്ങനെ കൊണ്ട് പോകണമെന്നതിന് വ്യക്തതയുണ്ടായിരുന്നു. സിനിമയുടെ ഷെഡ്യൂളിലോ നിര്‍മാണത്തിലോ ചിത്രീകരണത്തിലോ ഒരുവിധ പ്രശ്‌നവുമുണ്ടായില്ല.
എന്റെ ഒഴിവുകള്‍ക്കനുസരിച്ച് ചിത്രീകരിക്കാമെന്നാണ് അഖില്‍ പറഞ്ഞ്. എന്നാല്‍, ആ സമയത്ത് മുന്‍കൂട്ടിയേറ്റിരുന്ന ചില പ്രോജക്ടുകള്‍ മാറിപ്പോകുകയും സര്‍വ്വം മായ തുടര്‍ച്ചയായി ചിത്രീകരിക്കാന്‍ സാധിക്കുകയും ചെയ്തു,’ നിവിന്‍ പോളി പറയുന്നു.
സര്‍വ്വം മായയുടെ ചിത്രീകരണത്തിനായി അറുപതുദിവസം ഒറ്റ ഷെഡ്യൂളില്‍ വേണമെന്ന് അഖില്‍ ആദ്യം പറഞ്ഞിരുന്നെങ്കില്‍, ഒരുപക്ഷേ ഈ സിനിമ നടക്കില്ലായിരുന്നുവെന്നും നിവിന്റെ ഒഴിവ് സമയങ്ങള്‍ ചേര്‍ത്തു വെച്ച് നമുക്കൊരു സിനിമ ചെയ്യാമെന്ന അഖിലിന്റെ
സംസാരത്തിലെ ആത്മവിശ്വാസമാണ് തന്നെ ഈ സിനിമയിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും സന്തോഷിച്ചും ആസ്വദിച്ചും സമീപകാലത്തൊന്നും താനൊരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Nivin Pauly talks about the movie Sarvam Maya and Akhil Sathyan