ഡബ്ബിലും നീയിതു തന്നെയല്ലേ ചെയ്യാന്‍ പോകുന്നേ; ലൈവ് സൗണ്ട് സിങ്കാണ് സര്‍വ്വം മായയില്‍: നിവിന്‍ പോളി
Malayalam Cinema
ഡബ്ബിലും നീയിതു തന്നെയല്ലേ ചെയ്യാന്‍ പോകുന്നേ; ലൈവ് സൗണ്ട് സിങ്കാണ് സര്‍വ്വം മായയില്‍: നിവിന്‍ പോളി
അശ്വിന്‍ രാജേന്ദ്രന്‍
Friday, 26th December 2025, 8:53 am

ക്രിസ്മസ് റിലീസായെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ. മലയാളികളുടെ ഇഷ്ട കോമ്പിനേഷനായ നിവിന്‍-അജു കൂട്ടുകെട്ടിന്റെ തിരിച്ചുവരവാണ് ഹൊറര്‍ കോമഡി ഴോണറില്‍ പെടുന്ന ചിത്രത്തിന്റെ ഏറ്റും വലിയ പ്രത്യേകത.

ചിത്രത്തില്‍ തിരുമേനിയായി എത്തുന്ന അജുവിന്റയും നമ്പൂതിരി യുവാവായി എത്തുന്ന പ്രഭേന്ദുവിന്റെയും സിറ്റുവേഷണല്‍ കോമഡികള്‍ നല്ല രീതിയില്‍ തന്നെ വര്‍ക്കായിട്ടുണ്ടെന്നാണ് ചിത്രം കണ്ടിറങ്ങിവര്‍ പറയുന്നത്. സിനിമയിലെ ഡയലോഗുകള്‍ ഡബ്ബ് ചെയ്യുന്നതിന് പകരം ലൈവ് സൗണ്ട് സിങ്ക് ഉപയോഗിച്ച് ചെയ്തതാണെന്ന് പറയുകയാണ് നടന്‍ നിവിന്‍ പോളി.

നിവിനും അജുവും സര്‍വ്വം മായയില്‍. Photo: screen grab/ firefly films/ youtube.com

എം.ജെ ഡിജിറ്റല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം സിങ്ക് സൗണ്ട് ചെയ്ത അനുഭവങ്ങളെക്കുറിച്ചും ഇതിന്റെ ഗുണത്തെക്കുറിച്ചും ചര്‍ച്ച ചെയ്തത്. സൗണ്ട് സിങ്ക് ചെയ്തപ്പോള്‍ അനാവശ്യമായ നോയ്‌സിന്റെ ശല്യമുണ്ടായിരുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘സിനിമയില്‍ ആദ്യകാലത്തായിരുന്നു നമുക്ക് അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടായിരുന്നത്. വലിയ ഒരു ഏരിയ സൈലന്‍സാക്കി ഒരുപാട് പേരുടെ മേല്‍നോട്ടത്തില്‍ മാത്രമേ അന്ന് സൗണ്ട് സിങ്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇന്ന് ടെക്‌നോളജി അഡ്വാന്‍സ് ആയതുകൊണ്ട് നമുക്ക് കുറെക്കൂടി എളുപ്പമാണ്. ഉദാഹരണത്തിന് ഇപ്പോള്‍ ഒരു ഫ്‌ളൈറ്റ് പോകുന്ന സൗണ്ട് ഉണ്ടെങ്കില്‍ ആ ഭാഗം മാത്രം മാപ്പ് ചെയ്ത് നമുക്ക് കട്ട് ചെയ്ത് കളയാം.

ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം ഡയലോഗ് മൊത്തം പഠിക്കണമെന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഡബ്ബില്ലെന്ന ഗുണവുമുണ്ട്. ചെയ്ത് കഴിഞ്ഞാല്‍ അത് കഴിഞ്ഞു. വീണ്ടും അഞ്ചാറു ദിവസം ഇതിനായി മാറ്റി വെക്കേണ്ടതില്ല.

നിവിന്‍ പോളി. Photo: screen grab/ teaser/ firefly films

അജുവിന് പക്ഷേ ഭയങ്കര ദേഷ്യമാണ് എന്തിനാണ് സിങ്ക് സൗണ്ട്, ഞാന്‍ ഡബ്ബിലാണ് എന്റെ ശബ്ദം കൂട്ടുക എന്നാണ് അവന്‍ പറയുക. ഡബ്ബിലും നീ ഇതു തന്നെ അല്ലേ ചെയ്യുക എന്നാണ് ഞാന്‍ തമാശയോടെ ചോദിച്ചത്’ നിവിന്‍ പറയുന്നു.

സിങ്ക് സൗണ്ട് താന്‍ എന്‍ജോയ് ചെയ്തുവെന്നും അജുവുമായുള്ള കോമ്പിനേഷന്‍ സീനുകളിലടക്കം ഇത് വളരെ ഗുണം ചെയ്തുവെന്നും താരം പറഞ്ഞു. വളരെ മികച്ച ടെക്‌നിക്കല്‍ ടീമാണ് ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായയില്‍ ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, മധു വാര്യര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: nivin pauly talks about live sound sink in sarvam maya movie

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.