നായകനായും വില്ലനായും ചെയ്യുന്ന സമയങ്ങളിലെല്ലാം ബുദ്ധിമുട്ടായിരുന്നു; എന്നാലും, എങ്ങനെയൊക്കെയോ ഞങ്ങൾ ഒപ്പിച്ചു: നിവിൻ പോളി
Malayalam Cinema
നായകനായും വില്ലനായും ചെയ്യുന്ന സമയങ്ങളിലെല്ലാം ബുദ്ധിമുട്ടായിരുന്നു; എന്നാലും, എങ്ങനെയൊക്കെയോ ഞങ്ങൾ ഒപ്പിച്ചു: നിവിൻ പോളി
നന്ദന എം.സി
Wednesday, 18th February 2026, 10:15 am

മലയാള സിനിമയിൽ വീണ്ടും ഒരു ശക്തമായ പൊളിറ്റിക്കൽ ഡ്രാമയ്ക്ക് വേദി ഒരുക്കുകയാണ് നിവിൻ പോളി നായകനാകുന്ന ‘പ്രതിഛായ’.

നിവിൻ പോളിയെയും ബാലചന്ദ്രമേനോനെയും മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ട്രെയ്ലറും പുറത്തുവിട്ടത് മോഹൻലാൽ ആയിരുന്നു.

ട്രയ്ലർ പുറത്തിറങ്ങിയതോടെ സിനിമ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായി മാറിയിരിക്കുകയാണ്.

പ്രതിഛായ, Photo: Trailer/ Screengrab

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം രാഷ്ട്രീയ പ്രമേയവുമായി സിനിമ എത്തുന്നത് പ്രേക്ഷകരിൽ കൂടുതൽ ആകാംക്ഷയുണർത്തുന്ന ഒന്നാണ്.

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച നിരവധി സംഭവവികാസങ്ങളുടെ റഫറൻസുകൾ ചിത്രത്തിൽ കാണാമെന്നാണ് സൂചന. പ്രത്യേകിച്ച് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ ദൃശ്യങ്ങളോട് സാമ്യമുള്ള രംഗങ്ങൾ ട്രെയ്ലറിൽ ശ്രദ്ധ നേടുന്നു.

ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കവേ നിവിൻ പോളി നടൻ ഷറഫുദീൻനെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

‘കുറെ നാളുകൾക്ക് ശേഷം ഞാനും ഷറഫും ഒരുമിച്ച് പടം ചെയ്യുകയാണ്. ഞങ്ങൾ നല്ല കൂട്ടുകാർ ആണ്. ഒരുമിച്ച് സിനിമയിൽ എത്തിയവരാണ്. ഒരു നായകനും വില്ലനുമായി ചെയ്യുന്ന സമയങ്ങളിലെല്ലാം ബുദ്ധിമുട്ടുണ്ടായിരുന്നു.

എങ്കിലും എങ്ങനെയൊക്കെയോ ഞങ്ങൾ ഒപ്പിച്ചു. ഈ ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. ഒരു സോൾഫുൾ കഥ ഇതിന് പിന്നിലുണ്ട്,’ എന്നാണ് നിവിൻ പറഞ്ഞത്.

ശ്രീഗോകുലം മൂവീസ് ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന് ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പിയും സഹനിർമാണം വഹിക്കുന്നു.

രണ്ട് ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഉണ്ണികൃഷ്ണൻ വീണ്ടും തിരക്കഥാരചനയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്.

പ്രതിഛായ, Photo: Trailer/ Screengrab

കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി നൂറോളം ദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ഏറെ നാളുകളായി കാണാത്ത രീതിയിലുള്ള പൊളിറ്റിക്കൽ ഡ്രാമയായി ‘പ്രതിഛായ’ എത്തുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിൽ ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് തുടങ്ങിയവരും മറ്റു പ്രധാന വേഷത്തിലെത്തുന്നു.

പെരുന്നാൾ റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. സിനിമ ജീവിതത്തിന്റെ 50-ാം വർഷത്തിൽ ബാലചന്ദ്രമേനോൻ ശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതയായി മാറുന്നു.

Content Highlight: Nivin pauly talk about Actor Sharaf U Dheen

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.