അനൗണ്‍സ് ചെയ്ത ഏഴില്‍ അഞ്ച് സിനിമകളും ഡ്രോപ്പ്? ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഫസ്റ്റ് ലുക്കുകള്‍ ഡിലീറ്റ് ചെയ്ത് നിവിന്‍ പോളി
Malayalam Cinema
അനൗണ്‍സ് ചെയ്ത ഏഴില്‍ അഞ്ച് സിനിമകളും ഡ്രോപ്പ്? ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഫസ്റ്റ് ലുക്കുകള്‍ ഡിലീറ്റ് ചെയ്ത് നിവിന്‍ പോളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th November 2025, 9:28 am

യുവനടന്മാരില്‍ ഒരുകാലത്ത് മുന്‍നിരയില്‍ തിളങ്ങിയ താരമാണ് നിവിന്‍ പോളി. തുടര്‍ച്ചയായി നാല് സിനിമകള്‍ നൂറ് ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് താരം ബോക്‌സ് ഓഫീസില്‍ തിരിച്ചടി നേരിടുകയായിരുന്നു. പ്രതീക്ഷയിലെത്തിയ പല സിനിമകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ പഴയതുപോലെ താരം ബോക്‌സ് ഓഫീസില്‍ സജീവമാകും.

എന്നാല്‍ അടുത്തിടെ നിവിനെ നായകനാക്കി അനൗണ്‍സ് ചെയ് പല സിനിമകളും ഉപേക്ഷിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. നിവിന്റെ ലൈനപ്പിലുണ്ടായിരുന്ന ഏഴില്‍ അഞ്ച് സിനിമകളുടെ ഫസ്റ്റ് ലുക്ക് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

ഗ്യാങ്‌സ്റ്റര്‍ ഓഫ് മുണ്ടന്‍മല, താരം, ബിസ്മി സ്‌പെഷ്യല്‍, ഡോള്‍ബി ദിനേശന്‍, ശേഖരവര്‍മ രാജാവ് എന്നീ സിനിമകളുടെ പോസ്റ്ററുകളാണ് നിവിന്‍ നീക്കം ചെയ്തത്. അനൗണ്‍സ് ചെയ്ത സമയത്ത് ആരാധകര്‍ ഒരുപാട് പ്രതീക്ഷകള്‍ വെച്ചിരുന്ന സിനിമകളായിരുന്നു ഇവയെല്ലാം. ഷൂട്ട് തുടങ്ങാത്ത ഈ സിനിമകള്‍ ഉപേക്ഷിച്ചത് നിവിന്‍ ചെയ്ത മോശം നീക്കമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ഇഷ്‌ക്, നരിവേട്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശേഖരവര്‍മ രാജാവ്. ചിത്രത്തിന്റെ പൂജയും പ്രീ പ്രൊഡക്ഷനും നടന്ന ശേഷമാണ് ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ അനൗണ്‍സ് ചെയ്ത താരം, ബിസ്മി സ്‌പെഷ്യല്‍ എന്നീ സിനിമകളും ഉപേക്ഷിച്ചെന്ന് സംവിധായകര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

കിളി പോയി, കോഹിനൂര്‍ എന്നീ സിനിമകളൊരുക്കിയ വിനയ് ഗോവിന്ദാണ് താരത്തിന്റെ സംവിധായകന്‍. സംശയം എന്ന ചിത്രമൊരുക്കിയ രാജേഷ് രവിയാണ് ബിസ്മി സ്‌പെഷ്യലിന്റെ സംവിധായകന്‍. സര്‍ക്കീട്ടിന് ശേഷം താമര്‍ കെ.വി സംവിധാനം ചെയ്യുന്ന ഡോള്‍ബി ദിനേശനും ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ ചര്‍ച്ചയായിരുന്നു.

അഞ്ച് സിനിമകള്‍ ഡ്രോപ്പായെങ്കിലും വരാനിരിക്കുന്ന രണ്ട് സിനിമകള്‍ ഏറെ പ്രതീക്ഷ നല്കുന്നവയാണ്. പാച്ചുവും അത്ഭുതവിളക്കിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വം മായ ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തും. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രൊജക്ടാണ്. ആരാധകര്‍ കാത്തിരിക്കുന്ന പഴയ നിവിന്‍ പോളി തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Nivin Pauly removed the first look his five movies from Instagram