2025 ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തി ക്രിസ്തുമസ് വിന്നറായി മാറിയ നിവിന്‍ പോളി ചിത്രമാണ് സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖില്‍ സത്യനാണ് സിനിമ സംവിധാനം ചെയ്തത്. നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവിന് കൂടിയാണ് ചിത്രം സാക്ഷ്യം വഹിച്ചത്.
2025ലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുകയാണ്. സര്‍വ്വം മായയുടെ ഗംഭീര വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി.
ചിത്രം ഇത്രത്തോളം വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് പ്രേക്ഷകര്‍ സമ്മാനിച്ച വിജയമാണെന്നുമാണ് നിവിന്‍ പറഞ്ഞത്. സര്‍വ്വം മായ പോഡ്കാസ്റ്റായ ‘ഗോസ്റ്റ് കാസ്റ്റി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലല്ലോ. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് വിശ്വസിച്ചിരുന്നു, എന്നാല്‍ ഇത്തരത്തില്‍ ഒരു വിജയം മനസില്‍ പോലും ഉണ്ടായിരുന്നില്ല. ഇത് പ്രേക്ഷകര്‍ തന്ന വിജയമാണ്. അതിനപ്പുറം ഒന്നും പറയാനില്ല,’ നിവിന്‍ പറഞ്ഞു.
തങ്ങളിപ്പോള്‍ ഒരു സര്‍-റിയല്‍ സ്‌റ്റേറ്റിലാണ് എന്നായിരുന്നു സിനിമയുടെ വിജയത്തെ കുറിച്ച് അഖില്‍ സത്യന്‍ പറഞ്ഞത്.
‘നമ്മള്‍ ഹാപ്പിയായി ഒരു പ്രൊഡക്ട് ഉണ്ടാക്കിയാല്‍ അത് ഹാപ്പിനസ് തിരിച്ചുതരും, എന്നാല്‍ 100x-ല്‍ തിരിച്ചുതരുമെന്ന് കരുതിയിരുന്നില്ല. ചിത്രം നൂറ് കോടിയടിക്കുമെന്ന് ഞാന്‍ ഷൂട്ടിനിടെ ചുമ്മാ തള്ളുമായിരുന്നു. എന്നാല്‍ നമ്മുടെ ഹാപ്പിനെസ്സിനെ ദൈവം കേട്ടു എന്നുള്ളതാണ്,’ അഖില്‍ സത്യന്‍ പറഞ്ഞു.
തിയേറ്ററുകളില്‍ വിജയം സ്വന്തമാക്കിയ സര്‍വ്വം മായ ഇപ്പോള്‍ ഒ.ടി.ടിയും കീഴടക്കാന്‍ ഒരുങ്ങുകയാണ്. ജനുവരി 30ന് ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
നിരീശ്വരവാദിയായ നമ്പൂതിരി ഒരു പ്രേതത്തെ കാണാനിടയാകുന്നതാണ് സര്‍വ്വം മായയുടെ കഥാപശ്ചാത്തലം. ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങിയ ചിത്രത്തില്‍ നിവിന് പുറമെ അജു വര്‍ഗീസ്, റിയ ഷിബു, പ്രീതി മുകുന്ദന്‍, മധു വാര്യര്‍, ജനാര്‍ദ്ദനന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. അജുവും നിവിന്‍ പോളിയും ഒന്നിച്ച പത്താമത്തെ ചിത്രം കൂടിയായിരുന്നു സര്‍വ്വം മായ.
Content Highlight: Nivin Pauly reacts to the success of Sarvam Maya