നിവിന്‍ പോളി, ബാലചന്ദ്രമേനോന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് പ്രതിഛായ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിലും ട്രെയ്‌ലറും മോഹന്‍ലാല്‍ പുറത്തിറക്കി. സമകാലിക രാഷ്ട്രീയത്തിലെ ഉള്ളുകളികളിലേക്ക് വെളിച്ചം വീശുന്ന പ്രമേയമാണ് സിനിമയുടേതെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിക്കാലത്ത് കേരളത്തെ പിടിച്ചുലച്ച സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തിന്റെ റഫറന്‍സുള്ള ദൃശ്യങ്ങളും ട്രെയ്‌ലറില്‍ കാണാം. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് അടിമുടി രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന സിനിമ റിലീസ് ആവുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്.
Photo: നിവിന്‍ പോളി, പ്രതിഛായ സിനിമയുടെ ട്രെയ്‌ലറിലെ രംഗത്തില്‍ നിന്ന്/ Youtube.com
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ആര്‍.ഡി ഇലുമിനേഷന്‍സ് എല്‍.എല്‍.പിയുമാണ് ചിത്രം നിര്‍മിക്കുന്നത്. രണ്ട് ചിത്രങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ഉണ്ണികൃഷ്ണന്‍ തിരക്കഥാ രചനയിലേക്ക് തിരിച്ചുവരികയാണ്. നേരിട്ടു രാഷ്ട്രീയം പറയുന്ന സംഭാഷണങ്ങളാണ് ട്രെയ്‌ലറില്‍ കാണുന്നത്. കേരളം ഏറെ ചര്‍ച്ചചെയ്ത പല വിവാദങ്ങളും ട്രെയ്‌ലറില്‍ കാണാം.
കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി നൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയായത്. ഏറെ നാളുകളായി മലയാള സിനിമയില്‍ കാണാത്ത ഴോണറായ പൊളിറ്റിക്കല്‍ ഡ്രാമ ഗണത്തിലാണ് ഈ ചിത്രം. പെരുന്നാള്‍ റിലീസായി ചിത്രം തീയ്യേറ്ററുകളിലെത്തും എന്നാണ് സൂചന. സിനിമാ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തില്‍ ബാലചന്ദ്രമേനോന്‍ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
വന്‍താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. ഷറഫുദ്ധീന്‍, ഹരിശ്രീ അശോകന്‍, മണിയന്‍പിള്ള രാജു, നീതു കൃഷ്ണ, ആന്‍ അഗസ്റ്റിന്‍, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗര്‍, ആര്‍.ജെ വിജിത, സായ് കുമാര്‍, വൈശാഖ് ശങ്കര്‍, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണന്‍, ചിലമ്പന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നാലായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും ആയിരത്തിലേറെ പൊലീസുകാരേയും അണിനിരത്തി ഒക്ടോബറില്‍ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തിന്റെ ചിത്രീകരണം വലിയ വാര്‍ത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉള്‍പ്പെടുത്തി വലിയ സീക്വന്‍സ് മുമ്പ് മലയാളചിത്രത്തില്‍ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രംഗങ്ങള്‍ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.
ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിര്‍വഹിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ്. ബൈ ജു ഗോപാലന്‍, വി.സി പ്രവീണ്‍ എന്നിവര്‍ സഹനിര്‍മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ കൃഷ്ണമൂര്‍ത്തി, ദുര്‍ഗ ഉണ്ണികൃഷ്ണന്‍ എന്നിവരാണ്.