ആ സിനിമ തീരാത്തതുകൊണ്ട് താടിയെടുക്കാന്‍ പറ്റുന്നില്ല, ഷൂട്ട് തീര്‍ക്കാന്‍ വേണ്ടി അവരെ വിളിച്ച് വിളിച്ച് മടുത്തു: നിവിന്‍ പോളി
Malayalam Cinema
ആ സിനിമ തീരാത്തതുകൊണ്ട് താടിയെടുക്കാന്‍ പറ്റുന്നില്ല, ഷൂട്ട് തീര്‍ക്കാന്‍ വേണ്ടി അവരെ വിളിച്ച് വിളിച്ച് മടുത്തു: നിവിന്‍ പോളി
അമര്‍നാഥ് എം.
Monday, 31st August 2026, 10:07 pm

പരീക്ഷണ ചിത്രങ്ങളില്‍ നിന്ന് മാറി തന്റെ സേഫ് സോണില്‍ വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് നിവിന്‍ പോളി. സര്‍വ്വം മായയിലൂടെ തിരിച്ചുവരവിന് സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തിയ നിവിന്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ബോക്‌സ് ഓഫീസിലെ തന്റെ സാമ്രാജ്യം തിരിച്ചുപിടിച്ചിരിക്കുകയാണ്. 10 ദിവസം കൊണ്ട് 200 കോടിയിലേറെയാണ് ചിത്രം നേടിയത്.

ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജില്‍ തന്നെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഒരിക്കല്‍കൂടി നിവിന്‍ തെളിയിച്ചു. ജസ്റ്റിന്‍ എന്ന കഥാപാത്രമായി പകരംവെക്കാനില്ലാത്ത പെര്‍ഫോമന്‍സാണ് താരം കാഴ്ചവെച്ചത്. കണ്ടാല്‍ കേക്ക്‌വാക്ക് റോളായി തോന്നുമെങ്കിലും മറ്റാര്‍ക്കും അനുകരിക്കാനാകാത്ത നിവിന്‍ ടച്ച് ജസ്റ്റിനെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്.

സമീപകാലത്ത് വിജയിച്ച രണ്ട് സിനിമയിലും താടി വെച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. താടി ലക്ക് ഫാക്ടറാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നിവിന്‍ പോളി. താടി വെച്ച് ചെയ്ത സിനിമകള്‍ വിജയിക്കുന്നുണ്ടെങ്കിലും അത് ലക്ക് ഫാക്ടറിന് വേണ്ടിയല്ല വെച്ചതെന്ന് താരം പറഞ്ഞു. രേഖ മേനോനോട് സംസാരിക്കുകയായിരുന്നു നിവിന്‍.

‘ലക്ക് ഫാക്ടറിന്റെ കാര്യമല്ല. ചെയ്തുകൊണ്ടിരിക്കുന്ന ഒരു പടത്തിന് വേണ്ടിയാണ്. ബെന്‍സ് എന്ന് പറയുന്ന തമിഴ് പടത്തില്‍ താടി വെച്ചുകൊണ്ടാണ് അഭിനയിക്കുന്നത്. അവരുമായി എഗ്രിമെന്റുമുണ്ട്. 2025ല്‍ ഷൂട്ട് തുടങ്ങിയ പടമാ. ഇതുവരെ തീര്‍ന്നിട്ടില്ല. അവരാണെങ്കില്‍ പോസ്റ്റ്‌പോണ്‍ ചെയ്തുകൊണ്ട് പോകുന്നതുകൊണ്ട് താടിയെടുക്കാന്‍ പറ്റുന്നില്ല.

ബെത്‌ലഹേമിലും പിന്നെ ഇപ്പോള്‍ ചെയ്യുന്ന പടത്തിലും താടിയെടുത്ത് അഭിനയിക്കാന്‍ പ്ലാനുണ്ടായിരുന്നു. പക്ഷേ, ഈ പടം കാരണം നടക്കുന്നുമില്ല. ഇനിയും 35 ദിവസത്തെ ഷൂട്ട് ബാക്കിയാണ്. പെട്ടെന്ന് തീര്‍ക്കാന്‍ വേണ്ടി അവരെ വിളിച്ച് വിളിച്ച് മടുത്തു. ഈ ഇന്റര്‍വ്യൂ കണ്ടിട്ടെങ്കിലും അവര് പെട്ടെന്ന് പടം തീര്‍ത്താല്‍ മതിയായിരുന്നു,’ നിവിന്‍ പോളി പറയുന്നു.

ലോകേഷ് കനകരാജിന്റെ തിരക്കഥയിലും നിര്‍മാണത്തിലും ഒരുങ്ങുന്ന ചിത്രമാണ് ബെന്‍സ്. ലിയോയ്ക്ക് ശേഷം എല്‍.സി.യുവില്‍ ഒരുങ്ങുന്ന ചിത്രം അനൗണ്‍സ് ചെയ്തിട്ട് രണ്ട് വര്‍ഷമായി. രാഘവ ലോറന്‍സ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണനാണ്. വാള്‍ട്ടര്‍ എന്ന കഥാപാത്രമായാണ് നിവിന്‍ ബെന്‍സില്‍ വേഷമിടുന്നത്. സംയുക്ത മേനോന്‍, മാധവന്‍, ജയം രവി, മഡോണ സെബാസ്റ്റിയന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Content Highlight: Nivin Pauly about the delaying of Benz Movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം