ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
national news
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2022, 9:43 pm

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്കായിരിക്കും സത്യപ്രതിജ്ഞ.

ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ജെ.ഡി.യു നേതാവ് നിതീഷ് കമാര്‍ രാജി വെച്ചിരുന്നു. അതിന് മുമ്പ് തന്നെ എന്‍.ഡി.എ സഖ്യം വിടുന്നതായും ആര്‍.ജെ.ഡി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് വിശാല സഖ്യം രൂപീകരിക്കുമെന്നും നിതീഷ് പ്രഖ്യാപിച്ചിരുന്നു.

ഇതോടെ ബിഹാര്‍ പ്രതിപക്ഷ നേതാവായ തേജസ്വി യാദവിന്റെ ആര്‍.ജെ.ഡിക്കൊപ്പം ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതിന്റെ വ്യക്തമായ ചിത്രമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അല്‍പസമയം മുമ്പായിരുന്നു നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്. തേജസ്വി യാദവിനൊപ്പം ഗവര്‍ണറെ ചെന്നുകണ്ടാണ് നിതീഷ് കമാര്‍ രാജിക്കത്ത് കൈമാറിയത്.

ഏഴ് പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാഗത്ബന്ധന്‍ (മഹാസഖ്യം) രൂപീകരിക്കുമെന്ന് ഇന്ന് ഗവര്‍ണറുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

ബിഹാറില്‍ നീണ്ട കാലത്തെ എന്‍.ഡി.എയോടൊപ്പമുള്ള സഹവാസം അവസാനിപ്പിച്ചാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു സഖ്യം വിട്ടത്. പാര്‍ട്ടി എം.പിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം നടന്നതിന് പിന്നാലെയായിരുന്നു പാര്‍ട്ടി വിടാനുള്ള തീരുമാനം.

കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യം, സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുമായുള്ള വിയോജിപ്പ്, ജാതി സെന്‍സസ്, അഗ്നിപഥ് പദ്ധതി തുടങ്ങിയവയാണ് ബി.ജെ.പി- ജെ.ഡി.യു ബന്ധം വഷളാക്കിയത്.

നീതീഷ് കുമാറിന്റെ രാജിക്കെതിരേയും സഖ്യസര്‍ക്കാര്‍ രൂപീകരണത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് മരണത്തോട് മല്ലടിക്കുന്ന രോഗി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത് പോലെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരണമെന്നാണ് ബി.ജെ.പിയുടെ വാദം.

ജെ.ഡി.യുവിന് പിന്തുണയറിയിച്ച് നേരത്തെ തന്നെ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

2017ലെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ തേജസ്വി യാദവും മന്ത്രിയായിരുന്നു. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയും, ജെ.ഡി.യു, കോണ്‍ഗ്രസ് തുടങ്ങിയവയുടെ സഖ്യസര്‍ക്കാരായിരുന്നു 2017ല്‍ ബിഹാര്‍ ഭരിച്ചിരുന്നത്. എന്നാല്‍ അഴിമതി ചൂണ്ടിക്കാട്ടി നിതീഷ് തേജസ്വിക്കെതിരെ തിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ എന്‍.ഡി.എയിലെത്തിയത്.

Content Highlight: Nitish Kumar to take oath as Bihar CM tomorrow, Tejashwi Yadav as his deputy