ബി.ജെ.പിയുടേത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍: നിതീഷ് കുമാര്‍
national news
ബി.ജെ.പിയുടേത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍: നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th August 2022, 9:34 am

ന്യൂദല്‍ഹി: പബ്ലിസിറ്റിയല്ലാതെ മറ്റൊന്നും നിലവിലെ ബി.ജെ.പി സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിതീഷ് കുമാറിന്റെ കീഴിലുള്ള സര്‍ക്കാരിന്റെ വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ബി.ജെ.പിയുടെ ഒരേയൊരു ലക്ഷ്യം സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയെന്നതാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ വിജയിച്ചിരുന്നു. അടുത്തിടെയാണ് ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്നുമാറി ആര്‍.ജെ.ഡി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.

‘കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ കൊട്ടിഘോഷിക്കുകയല്ലാതെ ബി.ജെ.പി മറ്റൊന്നും ചെയ്യുന്നില്ല. ഹര്‍ ഘര്‍ നാല്‍ കാ ജല്‍ എന്ന ഞങ്ങളുടെ പദ്ധതി പോലും അവര്‍ പറയുന്നത് കേട്ടാല്‍ ബി.ജെ.പി മുന്നോട്ടുവെച്ചതാണെന്ന് തോന്നും. ദല്‍ഹിയില്‍ ഇത്തരത്തില്‍ നടക്കുന്നതെല്ലാം പബ്ലിസിറ്റി മാത്രമാണ്,’ നിതീഷ് കുമാര്‍ പറഞ്ഞു.

നിതീഷ് കുമാര്‍ സംസാരിക്കുന്നതിനിടെ ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. അവരോട് പ്രതിഷേധം തുടര്‍ന്നോളൂവെന്നും അതുവഴി മുതിര്‍ന്ന നേതാക്കളില്‍ നിന്നും ചിലപ്പോള്‍ പ്രതിഫലം ലഭിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ബീഹാറില്‍ ഇരുപത്തിയഞ്ചോളം ആര്‍.ജെ.ഡി നേതാക്കളുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

ഭൂമി കുംഭകോണകേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആര്‍.ജെ.ഡി നേതാക്കളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തുന്നത്.

ലാലു പ്രസാദ് യാദവിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതോടനുബന്ധിച്ച് ലാലു പ്രസാദ് യാദവിന്റെ സഹായി സുനില്‍ സിങ് ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. ആര്‍.ജെ.ഡി നേതാക്കളായ സുബോധ് റോയ്, അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ് എന്നിവരുടെ വസതിയിലും സി.ബി.ഐ റെയ്ഡ് നടന്നിരുന്നു.

ആര്‍.ജെ.ഡി നേതാക്കള്‍ക്ക് നേരെ നടക്കുന്നത് സി.ബി.ഐ റെയ്ഡ് അല്ല ബി.ജെ.പി റെയ്ഡ് ആണെന്ന് ആര്‍.ജെ.ഡി രാജ്യസഭാ എം.പി മനോജ് ഝാ പ്രതികരിച്ചു. ഇന്നലെ നടന്ന യോഗത്തില്‍ ബി.ജെ.പി ഇത്തരം റെയ്ഡ് നാടകങ്ങളുമായി വരുമെന്ന കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അത് കഴിഞ്ഞ് 24 മണിക്കൂര്‍ പോലും ആകുന്നതിന് മുമ്പെ തന്നെ ഞങ്ങള്‍ പറഞ്ഞത് സത്യമായി. എന്തിനാണ് അവര്‍ക്കിത്ര ദേഷ്യം? പൊതുക്ഷേമത്തിന് വേണ്ടിയാണ് സഖ്യം മാറിയതെന്നും ബി.ജെ.പി പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Nitish Kumar slams bjp says it works for publicity