ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ 2006ലെ നിതാരി കൊലപാതക പരമ്പര കേസിലെ പ്രതി സുരീന്ദര്‍ കോലിയെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി.
തീരുമാനമെടുക്കാനായി കോടതിക്ക് മുന്നിലുണ്ടായിരുന്ന അവസാന കേസിലാണ് നടപടി. സുരീന്ദറിനെ ഉടന്‍ മോചിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കോടതി വിധിയെ ചോദ്യം ചെയ്ത് അന്വേഷണ സംഘത്തിന് ആവശ്യമെങ്കില്‍ ഹരജി സമര്‍പ്പിക്കാമെന്നും വിധിയിലുണ്ട്.
നിതാരി കൊലപാത കേസില്‍ അവശേഷിച്ച കേസും റദ്ദാക്കിയതോടെ 12 കേസുകളിലാണ് ഇതുവരെ സുരീന്ദര്‍ കോലി കുറ്റവിമുക്തനായത്.
നോയിഡയിലെ നിതാരിയില്‍ ഒരു വീട്ടില്‍ ജോലിക്കാരനായിരുന്ന സുരീന്ദര്‍ കോലി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.
നിതാരിയിലെ വ്യവസായി മോനീന്ദര്‍ സിങ് പാന്തറിന്റെ വീട്ടില്‍ വെച്ചായിരുന്നു കോലിയുടെ കുറ്റകൃത്യങ്ങള്‍. 2006ലാണ് നിതാരി കൂട്ടക്കൊലപാതകം കണ്ടെത്തിയത്.
ഈ വീടിന്റെ പരിസരത്തുള്ള അഴുക്കുചാലില്‍ നിന്നും നിരവധി കുട്ടികളുടെ തലയോട്ടികള്‍ കണ്ടെത്തിയതോടെയാണ് കേസ് അന്വേഷണം ആരംഭിച്ചതും പാന്തറിന്റെ വീട്ടിലെ ജോലിക്കാരനായ സുരീന്ദറിന്റെ കുറ്റകൃത്യം കണ്ടെത്തിയതും.
സംഭവത്തില്‍ 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആറ് കേസുകളില്‍ മോനീന്ദര്‍ സിങ്ങിനെ കൂട്ടുപ്രതിയാക്കിയായിരുന്നു കേസെടുത്തത്. പിന്നീട് ഇയാളെയും കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ഒപ്പം ഇരുവരെയും കുറ്റവിമുക്തരാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയും 2010 സെപ്റ്റംബറില്‍ വിചാരണക്കോടതി ചുമത്തിയ വധശിക്ഷ റദ്ദാക്കുകയും ചെയ്തു.
Content Highlight: Nithari massacre: Supreme Court acquits accused Surinder Koli in the last pending case